വിദ്വേഷ പ്രസംഗ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ സമാജ്വാദി പാര്‍ട്ടി നേതാവും രാംപൂര്‍ എംഎല്‍എയുമായ അസംഖാന് മൂന്ന് വര്‍ഷം തടവ്.
2019-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും നടത്തിയ പരാമര്‍ശങ്ങളിലാണ് രാംപുര്‍ കോടതി ശിക്ഷ വിധിച്ചത്. ഇതോടെ അസംഖാനും നിയമസഭാംഗത്വം നഷ്ടമാകും.
രാംപുരില്‍ നിന്നുള്ള എംഎല്‍എയായ അസം ഖാനെതിരെ തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന, മോഷണം തുടങ്ങി 90ല്‍ അധികം കേസുകളുണ്ട്. ഐപിസിയിലെ ജനപ്രാതിനിധ്യ നിയമത്തിലെ 153-എ, 505-എ, 125 വകുപ്പുകള്‍ പ്രകാരമാണ് അസംഖാനെ കോടതി ശിക്ഷിച്ചത്. 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. അതുവരെ അദ്ദേഹത്തിന് ജാമ്യത്തില്‍ കഴിയാമെന്നും കോടതി വ്യക്തമാക്കി.
2020ല്‍ അറസ്റ്റിലായ ഇദ്ദേഹം 27 മാസം ജയിലില്‍ ആയിരുന്നു. ആദ്യമായാണ് അസം ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെടുന്നത്. വിദ്വേഷ പ്രസംഗ കേസില്‍ അസം ഖാന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി രംഗത്തുവന്നു. ഇത് മനഃപൂര്‍വം ചെയ്യുന്നതാണെന്നാണ് എസ്പി നേതാവ് ഫക്രുല്‍ ഹസന് ആരോപിച്ചു.