ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ഇന്ന് പുനരാംരഭിക്കും. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് വാക്സിനേഷൻ പുനരാരംഭിക്കുന്നത്. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 133 കേന്ദ്രങ്ങളിലായാണ് കുത്തിവെപ്പ് നടത്തുക. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് മുതല്‍ വാക്സിനേഷന് കേന്ദ്രം പ്രവര്‍ത്തിക്കും. വര്‍ക്കല ഉള്‍പ്പെടെ ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്സിനേഷന് പൂര്‍ത്തിയായി.
നാളെ മുതൽ ജനറല്‍ ആശുപത്രി, പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ സെന്റര്‍ തുടങ്ങും. ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് ദിവസമായതിനാലാണ് ബുധനാഴ്ച വാക്സിനേഷൻ ഒഴിവാക്കിയത്.
ഇന്ന് മുതല്‍ ഓരോ കേന്ദ്രത്തിലും രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെയാണ് കുത്തിവെപ്പ്. ആരോഗ്യപ്രവര്‍ത്തകരുടെ കുത്തിവെപ്പ് പൂര്‍ത്തിയായാല്‍ പോലീസുകാര്‍, കോവിഡുമായി സഹകരിച്ച റവന്യൂ വകുപ്പ് ജീവനക്കാര്‍, മുന്‍സിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുക. ഇവര്‍ക്കുള്ള രജിസ്ട്രേഷന് നടപടികളും ആരംഭിച്ചിട്ടുണ്ട്.