പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുമെന്ന അഭ്യൂഹം വീണ്ടും സജീവമാകുന്നു.
യുനൈറ്റഡിന് ചാമ്ബ്യന്‍സ് ലീഗ് യോഗ്യത നേടാനാകാതെ വന്നതോടെയാണ് താരം ക്ലബ് വിടാന്‍ താല്പര്യം പ്രകടിപ്പിച്ചത്.
എന്നാല്‍, ട്രാന്‍സ്ഫര്‍ ജാലകം അടയുന്നതിനു മുമ്ബ് താരത്തെ സ്വന്തമാക്കാനായി ക്ലബുളൊന്നും മുന്നോട്ടുവന്നില്ല. എല്ലാ വഴികളും അടഞ്ഞതോടെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ യുനൈറ്റഡിനൊപ്പം കളിത്തിലറങ്ങാന് താരം ഒടുവില്‍ നിര്‍ബന്ധിതനായത്. എന്നാല്‍, സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് യുനൈറ്റഡ് പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.
വര്‍ഷങ്ങള്‍ക്കിടെയാണ് യുനൈറ്റഡ് ഏറ്റവും പിന്നിലാകുന്നത്. ഇതിനിടെയാണ് താരം പഴയ തട്ടകത്തിലേക്ക് തന്നെ മടങ്ങുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ട്ടിങ് ലിസ്ബണ്‍ 37കാരനെ ക്ലബിലെത്തിക്കുന്നതിനുള്ള നടപടികള്‍ സജീവമാക്കിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ തന്റെ ഫുട്ബാള്‍ കരിയര്‍ ആരംഭിക്കുന്നത് സ്പോര്‍ട്ടിങ് ലിസ്ബണിലൂടെയാണ്.
ഇവിടെ നിന്നാണ് 2003ല്‍ യുനൈറ്റഡിലേക്ക് ചേക്കേറുന്നത്. അഞ്ച് തവണ ബാലണ്‍ ഡി ഓര് പുരസ്കാരം നേടിയ താരത്തിന് ചാമ്ബ്യന്‍സ് ലീഗ് കളിക്കാനുള്ള അതിയായ മോഹം കാരണം ഈ വേനല്‍ക്കാലത്ത് തന്നെ ഓള്‍ഡ് ട്രാഫോര്‍ഡ് വിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. റൊണാള്‍ഡോയെ തന്റെ ആദ്യ ക്ലബിലേക്ക് മടക്കികൊണ്ടുവരുന്നതിന് സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഹ്യൂഗോ വിയാന സജീവമായി ഇടപെടുന്നുണ്ട്.
കരാര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് സങ്കീര്‍ണമായ ഒന്നാണെന്ന് പോര്‍ച്ചുഗീസ് ക്ലബ് തന്നെ തിരിച്ചറിയുന്നതായി ഫൂട്ട് മെര്‍ക്കാറ്റോ ജേണലിസ്റ്റ് സാന്റി ഔന റിപ്പോര്‍ട്ട് ചെയ്തു. ഈ സീസണില്‍ യൂറോപ്പിലെ സ്വപ്ന കിരീടം സ്പോര്‍ട്ടിങ് സ്വന്തമാക്കാനുള്ള സാധ്യത വളരെ വിരളമാണ്. കഴിഞ്ഞ സീസണില്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്താണ് ക്ലബ് ചാമ്ബ്യന്‍സ് ലീഗിന് യോഗ്യത നേടിയത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ക്രിസ്റ്റ്യാനോക്ക് ഒരു വര്‍ഷം കൂടി കരാര്‍ കലാവധിയുണ്ട്.