സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുക. ഇന്നലെയാണ് ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേർത്തത്.
ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് കേസില്‍ തെളിവുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. രണ്ടാം പ്രതിയായ സ്വപ്ന ശിവശങ്കറിനെതിരെ മൊഴി നല്‍കിയതായാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇതേ തുടർന്നാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കസ്റ്റംസിന് അനുമതി നൽകിയത്.
അതേസമയം സ്വപ്നയെയും സരിതിനെയും കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. വിദേശ കറന്‍സി കടത്തുമായി ബന്ധപ്പെട്ടാണ് ആവശ്യം.