ഡല്‍ഹി: സിഖുകാര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ നടി കങ്കണ റണാവത്തിന് ഡല്‍ഹി സര്‍ക്കാരിന്റെ സമന്‍സ്. ഡല്‍ഹി നിയമസഭയുടെ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പാനലിനു മുമ്പാകെ ഹാജരാവാന്‍ നടിയോട് ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ട്.
കഴിഞ്ഞ ശനിയാഴ്ച കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച കുറിപ്പിന്റെ പേരിലാണ് നടപടി. കുറിപ്പില്‍ സിഖ് സമൂഹത്തെ ഖലിസ്ഥാനി ഭീകരരെന്ന് അധിക്ഷേപിക്കുന്നുണ്ടെന്ന് സമന്‍സില്‍ പറയുന്നു. ഇത് രാജ്യത്തെ സൗഹാര്‍ദം തകര്ക്കുന്നതാണെന്നതിനു പുറമെ സിഖ് സമൂഹത്തിനു മുറിവേല്‍പ്പിക്കുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ഡിസംബര്‍ ആറിന് ഹാജരാകാനാണ് റണാവത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഭാഷ ഉപയോഗിച്ചതിന് സിഖുകാര്‍ മുംബൈയില്‍ നല്കിയ പരാതിയിലും നടിക്കെതിരേ എഫ്ഐആര്‍ നിലവിലുണ്ട്