ന്യൂഡല്‍ഹി : രാജ്യത്ത് ഡിജിറ്റല്‍ രൂപ ഇന്ന് പുറത്തിറക്കും. ചില്ലറ ഇടപാടുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇത് പുറത്തിറക്കുന്നത്.
മുംബൈ, ഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റല്‍ രൂപ. രാജ്യത്തെ തിരഞ്ഞെടുത്ത ബാങ്കുകള്‍ വഴി ഇവ വിതരണം ചെയ്യും.
എസ്ബിഐ അടക്കം നാലു ബാങ്കുകള്‍ വഴി ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ വാങ്ങാം. പങ്കെടുക്കുന്ന ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതും മൊബൈല്‍ ഫോണുകളിലോ ഉപകരണങ്ങളിലോ സംഭരിച്ചിരിക്കുന്നതുമായ ഡിജിറ്റല്‍ വാലറ്റ് വഴി ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ രൂപ ഉപയോഗിച്ച് ഇടപാട് നടത്താന്‍ കഴിയും. ഘട്ടം ഘട്ടമായി പരീക്ഷിച്ച് മാത്രമേ ഇ റുപ്പി പൂര്‍ണതോതില്‍ നടപ്പാക്കൂ എന്നാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ബിഐ ഉള്‍പ്പെടെയുള്ള നാല് ബാങ്കുകളില്‍ നിന്ന് ഇത് ലഭ്യമാകും. മറ്റ് ബാങ്കുകളെ വരുന്ന ഓരോ ഘട്ടത്തിലും സഹകരിപ്പിക്കും
രണ്ടാം ഘട്ടത്തില്‍ കൊച്ചിയില്‍ ഇ-റുപ്പി ലഭ്യമാകുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. ഇ-രൂപ അവതരിപ്പിക്കുന്നതോടെ ധന ഇടപാടുകള്‍ കൂടുതല്‍ സുഗമവും വേഗമുള്ളതുമാകുമെന്നാണ് പ്രതീക്ഷ. ഇടനിലക്കാരായ ബാങ്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഇ റുപ്പി ഡിജിറ്റല്‍ വാലറ്റിലൂടെ മൊബൈല്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാകും, ആളുകള്‍ തമ്മില്‍ കൈമാറാനും, കച്ചവടസ്ഥലങ്ങളില്‍ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് സാധനങ്ങള്‍ വാങ്ങിക്കാനും റേഷന്‍ കടകളിലും മറ്റ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലുമെല്ലാം ഇത് ഉപയോഗിച്ച് ഇടപാട് നടത്താനാകുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.