വധശ്രമ ഗൂഢാലോചന കേസില്‍ നടന് ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലും, ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപ ഹര്‍ജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു.
അതിനനുസരിച്ച് പ്രതിഭാഗം ഫോണുകള്‍ കൈമാറും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫോണുകള്‍ സ്വതന്ത്ര ലാബില്‍ പരിശോധിക്കണമെന്ന ആവശ്യവും പ്രതിഭാഗം ഉന്നയിക്കും. അതേസമയം തര്‍ക്കത്തിലുള്ള നാലാമത്തെ ഫോണിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് ഒപ്പം മറ്റ് ഫോണുകള്‍ തങ്ങള്‍ക്ക് വിട്ടു കിട്ടണം എന്നതാണ് പ്രോസിക്യൂഷന് വാദിക്കുക.
ഒപ്പം പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന് ആവശ്യം ഉന്നയിക്കും. കേസില്‍ ഫോണ്‍ പരിശോധിക്കാനുള്ള ഏജന്‍സിയെ കോടതി ഇന്ന് തീരുമാനിച്ചേക്കും. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുടെ കാര്യത്തിലും വാദം നടത്താന്‍ സാധ്യതയുണ്ട്.