നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ദിലീപ്. ജുഡീഷ്യല്‍ ഓഫീസര്‍മാരെ മോശമാക്കാനുള്ള ശ്രമങ്ങള്‍ പല രീതിയില്‍ നടക്കുന്നുവെന്നും ഒരു ദിവസം പോലും തുടരന്വേഷണത്തിന് സമയം അനുവദിക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.
കോടതി വിഡിയോ പരിശോധിച്ചെങ്കില്‍ എന്താണ് തെറ്റെന്നും അന്വേഷണവിവരങ്ങള്‍ ഇപ്പോഴും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു, പ്രോസിക്യൂഷനും അന്വേഷണ സംഘവുമാണ് ഇതിന് പിന്നിലെന്നും കോടതിയില്‍ ദിലീപ് പറഞ്ഞു. അഭിഭാഷകരെ പോലും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടക്കുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്നും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് 2022 ഫെബ്രുവരി വരെ പ്രോസിക്യൂഷന് അറിഞ്ഞില്ലേന്നും മൂന്നുവര്‍ഷത്തിനുശേഷമാണ് പ്രോസിക്യൂഷന് ആരോപണം ഉന്നയിക്കുന്നതെന്നും കോടതിയില്‍ ദിലീപ് പറയുന്നു. ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടരന്വേഷണം നീട്ടണമെന്ന ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ തുടരന്വേഷണം നീട്ടണമെന്ന ഹരജിയില്‍ നിന്ന് പിന്മാറില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അറിയിച്ചു.