കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടപടിക്രമം പാലിക്കാതെയാണ് തുടരന്വേഷണമെന്നും വിചാരണ വൈകിപ്പിക്കലാണ് ലക്ഷ്യമെന്നും ആരോപിച്ചാണ് ഹര്‍ജി.
വിചാരണക്കോടതിയുടെ അനുമതി ലഭിക്കും മുന്‍പ് തുടരന്വേഷണം ആരംഭിച്ചതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിചാരണ ഒരു മാസം നീട്ടിവച്ചത് നീതികരിക്കാനാവില്ലന്നും തുടരന്വേഷണം റദ്ദാക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ വ്യക്തിവിരോധമാണു തുടരന്വേഷണത്തിനു പിന്നില്‍. ബാലചന്ദ്രകുമാറിന്റെ പരാതി തയാറാക്കിയതു ബൈജു പൗലോസാണ്. ഡിസംബര്‍ 28നു രാത്രി പരാതി ലഭിച്ച്, ജനുവരി രണ്ടിനു തുടരന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിനോട് മാധ്യമങ്ങളെ കാണാന്‍ പറഞ്ഞത് ബൈജു പൗലോസാണ്. ഗൂഢാലോചന ആരോപണങ്ങളുമായി തന്റെ കുടുംബത്തിലുള്ള മുഴുവന്‍ പേരെയും പ്രതിചേര്‍ത്തിരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
തുടരന്വേഷണത്തിന് ഒരു മാസം സമയം അനുവദിച്ച നടപടി തെറ്റാണെന്നും വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
തുടരന്വേഷണത്തിന് ആറുമാസത്തെ സമയമാണ് അന്വേഷണസംഘം വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മാര്‍ച്ച് ഒന്നിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു കോടതി ഉത്തരവ്. തുടരന്വേഷണം നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നു കോടതി വിലയിരുത്തിയിരുന്നു.
അതിനിടെ, ന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നേ മുക്കാലിനായിരിക്കും കോടതി കേസ് പരിഗണിക്കുക.
അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ട ഫോണുകള്‍ ഹാജാരാക്കിയെന്നും ചൂണ്ടിക്കാണിച്ചായിരിക്കും ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം വാദിക്കുക. അന്വേഷണസംഘം ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ല എന്ന് പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നു.