നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുവന്ന കൊടി പിടിച്ച് ജനവിധി തേടാനൊരുങ്ങി സംവിധായകന് രഞ്ജിത്. സിപിഐഎം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന് രഞ്ജിത്ത് തന്നെ മത്സരിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ താരത്തിന്‍്റെ പേര് ഉയര്‍ന്നു വന്നിരുന്നു. ഇപ്പോള്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സംവിധായകന് നേരിട്ട് സി പി എം നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
2011 നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവിടെ അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം ഉന്നത നേതാക്കളുമായി അടുത്തബന്ധവുമുണ്ട്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പ്രദീപ് കുമാര്‍ വിജയിച്ചത്. മൂന്നു തവണ മത്സരിച്ചവര്‍ മാറണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് എ പ്രദീപ് കുമാറിന് പകരം രഞ്ജിതിനെ ഇവിടെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന.
കൃത്യമായ ഉള്‍ക്കാഴ്ചയും ദര്ശനവുമുളള സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയെന്ന് സംവിധായകന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. പ്രശംസനീയമായ ഭരണമാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയുമെന്നും രഞ്ജിത്ത് പറഞ്ഞു. സ്വപ്നങ്ങള്‍ വിറ്റ് കാശാക്കുന്നവരെയല്ല യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നവരെയാണ് നാടിനാവശ്യം. അത് ഈ അഞ്ച് വര്‍ഷക്കാലയളവില്‍ പിണറായി സര്‍ക്കാര്‍ തെളിയിച്ചിട്ടുണ്ട്. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചുമാണ് നമ്മള് ഇപ്പോഴും സംസാരിക്കുന്നത് മനുഷ്യരെക്കുറിച്ചല്ല. മണ്ഡലങ്ങളില്‍ സ്വാധീനമുളള സമുദായത്തില്‍പെട്ടയാളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തുക എന്നത് പ്രാകൃതമായ രീതിയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തിരുന്നു.