ലൈസൻസ് കാലാവധി തീർന്നാൽ ഏജന്റുമാരെ സമീപിക്കേണ്ടതില്ല. ഓൺലൈൻ വഴി തന്നെ ലൈസൻസ് പുതുക്കാം. വെറും നാല് സ്റ്റെപ്പിലൂടെ. മോട്ടർ വാഹന വകുപ്പിലെ നടപടികൾ എല്ലാം ഇപ്പോൾ ഓൺലൈനായി ചെയ്യാൻ സാധിക്കും. ലൈസൻസ് പുതുക്കാൻ ഫീസ് അടയ്ക്കുന്നതു മുതലുള്ള എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി ചെയ്യാം. അക്ഷയകേന്ദ്രങ്ങൾ/ ഇ–സേവാ കേന്ദ്രങ്ങൾ വഴിയും ലൈസൻസിനായി അപേക്ഷിക്കാം.
മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്പോർട്ടലിൽ സാരഥി എന്ന ഭാഗം ലൈസൻസ് സംബന്ധമായുമുള്ള കാര്യങ്ങൾക്ക് വേണ്ടി പ്രത്യേകമായി ഉള്ളതാണ്. ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസിൽ ലൈസൻസ് കരസ്ഥമാക്കിയ സംസ്ഥാനം ക്ലിക്ക് ചെയ്താൽ ഡ്രൈവിങ് ലൈസൻസ് സർവീസ് എന്ന ഓപ്ഷൻ കാണാം. അതിൽ ഉടമയുടെ പേരും വിവരങ്ങളും അടങ്ങിയ വിശദാംശങ്ങൾ കാണാൻ സാധിക്കും. വിവരങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനും കഴിയും.
ഡ്രൈവിങ് ലൈസൻസ് റിന്യൂവൽ തെരഞ്ഞെടുത്ത് ഫോൺ നമ്പർ നൽകിയാൽ ആപ്ലിക്കേഷൻ നമ്പറിന്റെ എസ്എംഎസ് വരും. സൈറ്റിൽ നിന്ന് മെഡിക്കൽ ഫിറ്റ്നെസ്, ഐ സർട്ടിഫിക്കറ്റ്, ഫിസിക്കൽ ഫിറ്റ്നെസ് തുടങ്ങിയ ഫോമുകൾ ഡൗൺലോഡ് ചെയ്ത് പ്രസ്തുത വിദഗ്ധരുടെ അംഗീകാരം വാങ്ങാൻ മറക്കരുത്. തുടർന്ന് ഡോക്യുമെന്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്തതിന് ശേഷം റിജിനൽ ലൈസൻസും കൂടെ വെച്ച് ഇതിന്റെയെല്ലാം കോപ്പി ആർടിഒ ഓഫിസിൽ സമർപ്പിക്കണം. 42 രൂപയുടെ സ്റ്റാംപും ഒട്ടിക്കണം. ഏജന്റുമാരുടെ സഹായമില്ലാതെ ലൈസൻസ് വീട്ടിലെത്തും.