അജ്മൽ പി എ ||SEPTEMBER 10,2021
യൂട്യൂബ് വ്ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്ട്രേഷൻ ആറു മാസത്തേക്ക് മരവിപ്പിച്ചു. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. കെ എൽ ബി 777 നമ്പറിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷനാണ് മരവിപ്പിച്ചത്.
ഇരിട്ടി ജോയിന്റ് ആർടിഓയുടെ നോട്ടീസിന് വിശദികരണം തൃപ്തികരമായി നൽകിയില്ല എന്ന കാരണത്താലാണ് രെജിസ്ട്രേഷൻ റദ്ദാക്കിയത്. 42400 രൂപ പിഴ നൽകാത്തതിനെ തുടർന്നാണ് കോടതിയിൽ മോട്ടോർ വാഹന വകുപ്പ് കുറ്റപത്രം നൽകിയത്. 1988-ലെ എംവിഡി നിയമവും, കേരള മോട്ടോർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. നേരത്തെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഇവർ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു.
ഇബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി നേരത്തെ എസിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്. ഓഗസ്റ്റ് മാസം ഒൻപതാം തിയതി കണ്ണൂർ ആർടിഓഫീസിൽ എത്തി പൊതുമുതൽ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും ചെയ്ത കേസിലാണ് ഈ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായത്.