യൂറോ കപ്പ് ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടെങ്കിലും ആരാധകര്‍ അഴിഞ്ഞാടിയതുകാരണം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ലണ്ടന്‍ നഗരം. ഫൈനല്‍ മത്സരം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ നഗരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ബിയര്‍ കുപ്പികള്‍, കാനുകള്‍ തുടങ്ങി മാലിന്യങ്ങളാണ് പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യൂറോ 2020 ഫൈനല്‍ മത്സരം കാണാനെത്തിയ ആരാധകര്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടത്.
”പൂര്‍ണമായും അഴുക്കു നിറഞ്ഞതായിരുന്നു,” ലെസ്റ്ററ്റര്‍ സ്ക്വയറില്‍ താന്‍ ജോലി ചെയ്യുന്ന ഹോട്ടലിന് മുകളില്‍ നിന്ന് ബിയര്‍ ബോട്ടിലുകള്‍ വടി ഉപയോഗിച്ച് നീക്കം ചെയ്യവെ ഓല ഓലവാലെ എന്ന വ്യക്തി ഇന്റിപെന്റ്ന്റിനോട് പറഞ്ഞു. മത്സര ദിവസത്തെ ഫൂട്ബോള്‍ ആരാധകരുടെ സമീപനം വളരെ അറപ്പുളവാക്കുന്ന രീതിയിലുള്ളതായിരുന്നു എന്നാണ് ഓല പറയുന്നത്. ആരാധകര്‍ തന്റെ ഹോട്ടലിന്റെ മട്ടുപ്പാവില്‍ കയറാന്‍ ശ്രമിച്ചുവെന്നും അതുകൊണ്ടാണ് ബിയര്‍ കുപ്പികള്‍ അതിന്റെ മുകളിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടല്‍ സമീപത്ത് നിന്നും മറ്റു ജീവിനക്കാരും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നുണ്ട്. ഞായറാഴ്ച മത്സരത്തിന് ശേഷമുള്ള ദൃശ്യങ്ങളില്‍ അരാധകര്‍ കുപ്പികള്‍ എറിയുന്നതും നിരത്തില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതും കാണാം. എന്നാല്‍ കൃത്യ സമയത്ത് തന്റെ ഹോട്ടല്‍ ജീവനക്കാര്‍ പരിസരം വൃത്തിയാക്കിയെന്ന് ഓല അഭിമാനത്തോടെ പറയുന്നു.
തൊട്ടടുത്തുള്ള ചൈനടൗണിലും മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. തെരുവുകള്‍ നിറയെ പ്ലാസ്റ്റിക് കുപ്പികളും, ബിയര്‍ ബോട്ടിലുകളും ഭക്ഷണങ്ങളും കാണാം. മാലിന്യങ്ങള്‍ ഉപേക്ഷിക്കേണ്ട ബോക്സുകള്‍ റോഡിന് നടുവിലാണുള്ളത്.
ഫൈനല്‍ മത്സരം കാണാന്‍ ആളുകള്‍ ഒരുമിച്ച് കൂടിയ ട്രഫല്‍ഗാര്‍ സ്ക്വയറില്‍ ക്ലീനിംഗ് പ്രവര്‍ത്തികള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.
ജോര്‍ജ് നാലാമന്റെ പ്രതിമക്ക് മുകളിലും ആളുകള്‍ മാലിന്യങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് താരങ്ങള്‍ സെമി ഫൈനലില്‍ ഡെന്മാര്കിനെ തോല്‍പ്പിച്ചപ്പോള്‍ ആരാധകര്‍ പ്രതിമയെ ഇംഗ്ലീഷ് പതാകയില്‍ പൊതിഞ്ഞിരുന്നുവെന്ന് അടുത്തുള്ള കടയില്‍ ജോലി ചെയ്യുന്ന ഉമര്‍ സിറാജ് എന്ന വ്യക്തി പറയുന്നു. തിങ്കളാഴ്ച രാവിലെ നഗരത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നുവെന്നും എന്നാല്‍ എട്ട് മണിയാവുന്പോഴേക്കും അധികൃതര്‍ ഏറെക്കുറെ വൃത്തിയാക്കി എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ലണ്ടനില്‍ ഞായറാഴ്ച മുഴുവന്‍ ആളുകള്‍ ആഘോഷത്തിലായിരുന്നു. ഇംഗ്ലണ്ട് ടീമിനെ പിന്തുണച്ച് പതാകയേന്തിയും, ജഴ്സി അണിഞ്ഞും നിരവധി പേരാണ് നഗരത്തില്‍ ചുറ്റിയടിച്ചത്. വെംബ്ലിയില്‍ ചില ആരാധകര്‍ ബസിനു മുകളില്‍ കയറി ആഘോഷിച്ചപ്പോള്‍ കിംഗ് ക്രോസ് സ്റ്റേഷന് പരിസരത്ത് ചുവപ്പ്, വെളുപ്പ് നിറങ്ങളിലുള്ള പുക സൃഷ്ടിച്ചിരുന്നു.
ഞായറാഴ്ച രാത്രി മാത്രം വ്യത്യസ്ത കുറ്റങ്ങള്‍ ചുമത്തി 49ഓളം പേരെ അറ്റസ്റ്റ് ചെയ്തെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറയുന്നു. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനിടെ 19 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുപറ്റിയെന്നും പോലീസ് പറയുന്നു.