വെള്ളിത്തിരയില്‍ വീണ്ടും ഒരു അച്ഛനും മകനും ഒന്നിക്കുന്നു. മലയാളത്തിന്റെ പ്രിയ നായകനും ഒരു കാലത്തെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനുമാണ് ഒന്നിക്കുന്നത്. ഫഹദ് നായകനായ ചിത്രം നിര്‍മ്മിക്കുന്നത് പിതാവും സംവിധായകനുമായ ഫാസിലാണ്. ‘മലയന്‍കുഞ്ഞ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന് തിരക്കഥ ഒരുക്കുന്നത്.
കോവിഡ് ലോക്ക്ഡൗണിനിടയില്‍ ചിത്രീകരിച്ച് പുറത്തിറങ്ങിയ സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. സുഷിന് ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈന്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. സെഞ്ച്വറി ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്ന ചിത്രം തിയറ്റര്‍ റിലീസാണ് ലക്ഷ്യമിടുന്നത്.
ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രം വേണ്ടത്ര ശ്രദ്ധ നേടഞ്ഞതിനു പിന്നാലെ ഫഹദ് അഭിനയ രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ‘കേരള കഫേ’യിലൂടെ വീണ്ടും എത്തിയ ഫഹദ് ഇതിനകം നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് മലയാളത്തിലെ മുന്‍നിര നായകനായി മാറി.