സോഷ്യൽ മീഡിയ വഴി പ്രചരിച്ചത് വ്യാജ സർവ്വേ എന്ന് കെപിസിസി. കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ സർവ്വേകൾ പ്രചരിച്ചിരുന്നു. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിയാകാൻ സാധ്യത ഉള്ളവരുടെ പേരുകൾ ഉൾപ്പെടുത്തിയും പാർട്ടി പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ചും സർവ്വേ നടത്തുകയും അത് സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ സർവ്വേകളിൽ ജനങ്ങളുടെ വ്യക്തിവിവരങ്ങൾ നൽകി വഞ്ചിതരാകാതിരിക്കുക എന്ന മുന്നറിയിപ്പുമായാണ് ഇപ്പോൾ കെപിസിസി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിന്റെ പേരിൽ വ്യാജ സർവ്വേ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പാർട്ടി സോഷ്യൽ മീഡിയ വഴി യാതൊരുവിധത്തിലുള്ള സർവ്വേകളും
നടത്തുന്നില്ലെന്നും അനിൽകുമാർ വ്യക്തമാക്കി.