താന്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ നടി മാലാ പാര്‍വ്വതി രംഗത്ത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ് താരം മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. മാലാ പാര്‍വതിയുടെ മരണത്തിന്റെ കാരണം എന്താണ് എന്ന തരത്തിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് നടി രംഗത്തെത്തിയത്.
താന്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിന്റെ പേരില്‍ തനിക്ക് നഷ്ടമായത് രണ്ട പരസ്യ ചിത്രങ്ങളാണെന്ന് മാലാ പാര്‍വ്വതി ഫെയ്സ്ബുക്കില്‍ കുറിച്ചു. താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റില്‍ തന്റെ മരണം സംബന്ധിച്ച് വാര്‍ത്തകള്‍ കൊടുത്ത വെബ്സൈറ്റുകളുടെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെ പുറത്തുവിട്ടിട്ടുണ്ട്.
‘മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ.വാട്ട്സപ്പില്‍ പ്രൊഫൈല്‍ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി എന്നെ വിളിച്ചത്. രണ്ട് പരസ്യത്തിന്റെ ഓഡിഷന് മിസ്സായി!’. താരം ഫേസ്ബുക്കില്‍ കുറിച്ചു.
താരത്തിന് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ചിലര്‍ കമന്റിലൂടെ ആവശ്യപ്പെട്ടത്. വാര്‍ത്ത വ്യാജമാണെന്ന കാര്യം ചില വെബ്സൈറ്റുകളില്‍ മാലാ പാര്‍വതി തന്നെ നേരിട്ട് കമന്റ് ചെയ്തിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി.
പത്മ, പ്രകാശന്, എഫ് ഐ ആര്, ജ്വാലാമുഖി, പാപ്പന്, ഗ്രാന്‍ഡ് മാ എന്നിവയാണ് മാലയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പാര്‍വതിയുടെ മലയാള ചിത്രം വിഷ്ണു ഉണ്ണിക്കൃഷ്ണന് നായകനായ രണ്ടാണ്. മമ്മൂട്ടിയുടെ റിലീസാകാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഭീക്ഷ്മപര്‍വത്തില്‍ മാലാ പാര്‍വതി ഒരു ശ്രദ്ധേയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.