ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ല, പക്ഷേ തന്റെ ഈ പരിമിതികളെയെല്ലാം അതിജീവിച്ച് മുന്നേറുകയാണ് മലപ്പുറം സ്വദേശി അരുൺ.
വർഷങ്ങളായി കൃഷി ചെയ്ത് ജീവിക്കുന്നയാളാണ് അരുൺ. കൃഷി ചെയ്യാൻ ശാരീരിക ബലത്തെക്കാളും ആവശ്യം മനസ് ആണെന്നാണ് ഈ കർഷകൻ പറയുന്നത്. 52കാരനായ ഇദ്ദേഹത്തിന്റെ ഇരുകാലുകള്‍ക്കും ജനന സമയത്തു തന്നെ ശേഷി കുറവായിരുന്നു. എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ അരുൺകുമാറിന് കഴിയില്ല. മുട്ടുകുത്തിയും കൈകള്‍ നിലത്തൂന്നി നിരങ്ങിയുമാണ് കൃഷിയിടത്തിലേക്ക് അരുൺ എത്തുന്നത്.
വീടിനോട് ചേര്‍ന്നുള്ള ഭൂമി പാട്ടത്തിനെടുത്തതാണ് ഇത്തവണ അരുൺ കൃഷിയിറക്കിയിരിക്കുന്നത്. ഇവിടെ 50 വാഴകൾ നട്ടു. ഇത് ആദ്യമായല്ല അരുൺ കൃഷി ചെയ്യുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വാഴ, ചേമ്പ്, ചേന എന്നിവയല്ലൊം ഇതിലേറെ സ്ഥലത്ത് കൃഷി ചെയ്തിരുന്നു. വാഴക്ക് കുഴിയെടുക്കുന്നതും തൈ നടുന്നതും വളമിടുന്നതും എല്ലാം അരുണ്‍കുമാര്‍ തനിച്ചാണ്. രാവിലെ 6 മണിയോടെ കൃഷിയിടത്തിൽ എത്തുന്ന അരുൺകുമാർ ഉച്ചവരെ വയലില്‍ പണിയെടുക്കും.
അരുൺ ഒരു ഊർജ്ജം ആണ്, പ്രചോദനം ആണ്. ശരീരം അല്ല, മനസ്സാണ് എല്ലാത്തിനും അടിസ്ഥാനവും കരുത്തും എന്ന് തെളിയിക്കുകയാണ് അരുൺ തൻ്റെ ജീവിതത്തിലൂടെ.