റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച് കര്‍ഷക സംഘടനകള്‍. 1000 ട്രാക്ടറുകള്‍ പങ്കെടുക്കുന്ന മാര്‍ച്ച് സമാധാനപരമായിരിക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. ട്രാക്ടര്‍ മാര്‍ച്ച് റിപ്പബ്ലിക് ദിന പരേഡിന് യാതൊരു തടസ്സവും സൃഷ്ടിക്കില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു.
അതേസമയം ട്രാക്ടര്‍ മാര്‍ച്ചിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിൽ ഇക്കാര്യം കോടതി നാളെ പരിഗണിക്കും. കര്‍ഷിക നേതാക്കള്‍ക്കെതിരായ എന്‍.ഐ.എ അന്വേഷണത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നാണ് വിമര്‍ശനം.
കര്‍ഷ സമരത്തിന്റെ മുന്‍ നിരയിലുള്ള നേതാവ് ബല്‍ദേവ് സിങ് സിര്‍സ, സുരേന്ദര്‍ സിങ് തിക്രിവാള്‍, പല് വിന്ദര്‍ സിങ്, പ്രദീപ് സിങ്, ലോബല് ജിത് സിങ്, കര്‍ണാല്‍ സിങ് എന്നിവര്‍ക്ക് നോട്ടീസ് നൽകിയിരുന്നു. ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളെന്ന നിലയിലാണ് കര്‍ഷക നേതാക്കളെ ചോദ്യം ചെയ്യുന്നത്. രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ സിഖ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ്, ബബ്ബാര്‍ ഖാല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്നിവ ഗൂഢാലോചന നടത്തുന്നുവെന്നാണ് കേസ്.
എന്നാൽ കര്‍ഷക നേതാക്കളെയും സമരത്തെ പിന്തുണയ്ക്കുന്നവരെയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും അവര്‍ ദേശവിരുദ്ധരല്ലെന്നും ഒന്‍പതാം തവണയും ചര്‍ച്ച പരാജയപ്പെട്ടതിനുശേഷം കര്‍ഷകരെ തളര്‍ത്താന്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദല്‍ ട്വീറ്റ് ചെയ്തു.