കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷകർ. ഇതിൻ്റെ ഭാഗമായി കർഷകർ ഇന്ന് മുതല്‍ റിലെ നിരാഹാര സമരം തുടങ്ങും. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ഇന്ന് നാസിക്കില്‍ നിന്ന് ചലോ ഡല്‍ഹി യാത്ര ആരംഭിക്കും. കർഷകരുമായുള്ള ചർച്ചയ്ക്ക് സൗകര്യപ്രദമായ തീയതി അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. സര്‍ക്കാരുമായി ചര്‍ച്ചക്ക് പോകണമോ എന്നകാര്യത്തില്‍ കര്‍ഷകര്‍ ഇന്ന് തീരുമാനമെടുക്കും.
കര്‍ഷക ദിവസായി ആചരിക്കുന്ന 23ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാനാണ് കർഷകരുടെ തീരുമാനം. ഡിസംബര്‍ 26 , 27 തീയതികളില്‍ കര്‍ഷകര്‍ എന്‍ഡിഎ ഘടക കക്ഷികള്‍ക്ക് കത്തെഴുതും. 27ന് മന് കി ബാത്ത് നടക്കവെ കർഷകർ പാത്രം കൊട്ടി പ്രതിഷേധിക്കും. മഹാരാഷ്ട്രയിലെ 20 ജില്ലയില്‍ നിന്നുള്ള കർഷകർ നാസിക്കില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഇവർ മാർച്ച് 24-ന് രാജസ്ഥാൻ അതിർത്തിയായ ഷജഹാൻപൂരിലെത്തും.
കിസാന്‍ ഏകത മോർച്ചയുടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തു. പ്രതിഷേധം ലൈവാക്കിയതിനാൽ കമ്മ്യൂണിറ്റി ഗൈഡ് ലൈൻ പാലിച്ചില്ലെന്നാണ് ആരോപണം.