ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍.
ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച് ഇന്നു മുതല്‍ 16 ടീമുകളുടെ പോരാട്ടം.
ലെവല്‍ 3 പോരാട്ടത്തിനുള്ള ടിക്കറ്റിനായി ഇന്ന് നാലു ടീമുകള്‍ കളത്തില്‍. കോഡി ഗാക്പോയുടെ നെതര്‍ലന്‍ഡ്സ്, ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ യുഎസ്എ, ലയണല്‍ മെസിയുടെ അര്‍ജന്റീന, മാത്യു ലെക്കിയുടെ ഓസ്ട്രേലിയ ടീമുകളാണ് ഇന്നു കളത്തില്‍.
അര്‍ജന്റീന x ഓസ്ട്രേലിയ, 12.30 am
രണ്ട് നോക്കൗട്ട് സമാനമായ മത്സരങ്ങള്‍ക്കു ശേഷമാണ് അര്‍ജന്റീന ഇന്ന് യഥാര്‍ഥ നോക്കൗട്ടില്‍ കളിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഗ്രൂപ്പ് സിയിലെ ആദ്യമത്സരത്തില്‍ സൗദി അറേബ്യയോട് പരാജയപ്പെട്ടതോടെ തുടര്‍ന്നുള്ള രണ്ടു മത്സരവും അര്‍ജന്റീനയ്ക്ക് നോക്കൗട്ടിനു സമാനമായി. അതില്‍ രണ്ടിലും ജയിച്ച് പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയ്ക്ക് എതിരേ ഇന്നു യഥാര്‍ഥ നോക്കൗട്ട് പോരാട്ടത്തിന് അര്‍ജന്റീന തുടക്കമിടുന്നു.
പോളണ്ടിന് എതിരായ മത്സരത്തിലാണ് അര്‍ജന്റീനയുടെ യഥാര്‍ഥ കരുത്തു കണ്ടത്. ഹൈ പ്രസിംഗിലൂടെ പോളിഷ് ഗോള്‍മുഖത്തു വട്ടമിട്ട് പറന്നപ്പോഴും കൗണ്ടര്‍ അറ്റാക്ക് മുളയിലേ നുള്ളിക്കളയാന്‍ പാഞ്ഞെത്തുന്ന അര്‍ജന്റൈന്‍ താരങ്ങളെയാണ് പോളണ്ടിന് എതിരായ മത്സരത്തില്‍ കണ്ടത്. ഓസ്ട്രേലിയയ്ക്ക് എതിരേയും അതേശൈലിയില്‍ ആയിരിക്കും കളിക്കുക എന്നു മത്സരത്തിനു മുന്നോടിയായി ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ റോഡ്രിഗോ ഡിപോള്‍ പറഞ്ഞു. ഓസ്ട്രേലിയക്കാര്‍ അതിവേഗം കൗണ്ടര്‍ അറ്റാക്ക് നടത്താന്‍ മിടുക്കരാണെന്നും അതു തടയുകയാണ് സുപ്രധാന ലക്ഷ്യമെന്നും ഡിപോള്‍ വ്യക്തമാക്കി.
ലോകകപ്പ് ചരിത്രത്തില്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടില്ല. ഓസ്ട്രേലിയ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത് ഇതു രണ്ടാം തവണ മാത്രമാണ്. ഡെന്മാര്ക്കിനെ അട്ടിമറിച്ചെത്തുന്ന ഓസ്ട്രേലിയ ചില്ലറക്കാരല്ല എന്നുറപ്പ്.
നെതര്‍ലന്‍ഡ്സ് x യുഎസ്എ, 8.30 pm
ഓറഞ്ച് കൂട്ടം ഇന്ന് അമേരിക്കയ്ക്ക് എതിരേ. ഗ്രൂപ്പ് എ ചാന്പ്യന്മാരാണ് നെതര്‍ലന്‍ഡ്സ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരാണ് യുഎസ്എ. ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചവരാണ് യുഎസ്എ.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യം. ലൂയിസ് വാന്‍ ഗാലിന്റെ ശിക്ഷണത്തില്‍ അവസാനം കളിച്ച 10 ലോകകപ്പ് മത്സരങ്ങളിലും നെതര്‍ലന്‍ഡ്സ് തോല്‍വി അറിഞ്ഞിട്ടില്ല, ഏഴ് ജയവും മൂന്ന് സമനിലയും. മൂന്നു ഗോള്‍ നേടിയ കോഡി ഗാക്പൊ ആണ് നെതര്‍ലന്‍ഡ്സിന്റെ തുറുപ്പുചീട്ട്. രണ്ടു ഗോളിന് അസിസ്റ്റ് ചെയ്ത ഡാവി ക്ലാസനും ടീമിന്റെ നെടുംതൂണാണ്. ക്രിസ്റ്റ്യന്‍ പുലിസിച്ച്, സെര്‍ജിയൊ ഡെസ്റ്റ് എന്നിവരാണ് യുഎസ്എയുടെ ശക്തി.
ഡിമരിയ കളിച്ചേക്കില്ല
പരിക്ക് ഇല്ലെന്ന് അര്‍ജന്റൈന്‍ ടീം വൃത്തങ്ങള്‍ അറിയിക്കുന്പോഴും ഇന്ന് ഓസ്ട്രേലിയയ്ക്ക് എതിരായ പ്രീക്വാര്‍ട്ടറില്‍ എയ്ഞ്ചല്‍ ഡി മരിയ കളിക്കാന്‍ സാധ്യത കുറവ്. മസില് ഓവര്‍ലോഡ് എന്നാണ് അര്‍ജന്റീന ഡി മരിയയെക്കുറിച്ച് അറിയിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പോളണ്ടിന് എതിരേ 59-ാം മിനിറ്റില്‍ ഡിമരിയയെ കോച്ച് ലിയോണല്‍ സ്കലോനി പിന്‍വലിച്ചിരുന്നു.