വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ വനിതാ വീഡിയോ വ്ളോഗറെ അറസ്റ്റ് ചെയ്യാനൊരുങ്ങി വനം വകുപ്പ്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിൽ വ്ളോഗർ അമല അനുവിനെ സൈബർ സെല്ലിൻറെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാനാണ് നീക്കം. പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (പുനലൂർ വനം കോടതി) അന്വേഷണ ഉദ്യോഗസ്ഥർ വിശദമായ റിപ്പോർട്ട് നൽകി.
റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് കിളിമാനൂർ സ്വദേശി അമല അനുവിനെതിരെ വനം വകുപ്പ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വനത്തിൽ അതിക്രമിച്ചു കയറുകയും കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിക്കുയും ചെയ്തുവെന്നാണ് യൂട്യൂബർക്കെതിരായ കേസ്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ അമല അനുവിനെ കാട്ടാന ഓടിച്ചിരുന്നു. 8 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു.വനത്തിനുള്ളിൽ ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ അമല അനു പകർത്തിയെന്നാണ് വനം വകുപ്പ് പറയുന്നത്.