കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു.
ആലുവ മുതല്‍ എസ് എന്‍ ജംഗ്ഷന് വരെയുളള കൊച്ചി മെട്രോയിലെ യാത്രവേളകളില്‍ സൗജന്യ വൈഫൈ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇനി മുതല്‍ ജോലി ചെയ്യുകയോ വിനോദപരിപാടികള്‍ ആസ്വദിക്കുകയോ ചെയ്യാനാകുമെന്ന് വൈഫൈ സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് കെ.എംആര്‍എല്‍ എംഡി ശ്രീ.ലോക്നാഥ് ബെഹ്റ അറിയിച്ചു. നിലവില്‍ 4ജി നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വൈഫൈ 5ജി എത്തുന്നതോടെ അപ്ഗ്രേഡ് ചെയ്യും. വൈഫൈ ഉപയോഗിക്കുന്നവരുടെ ഡേറ്റ സുരക്ഷിതമാക്കാനുള്ള നടപടികള്‍ കെഎംആര്‍എല്‍ സ്വീകരിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായാണ് യാത്രക്കാര്‍ക്ക് ഈ സേവനം ലഭ്യമാവുക.
ഡിജിറ്റല്‍ ഇന്ത്യ ക്യാമ്ബെയിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎംആര്‍എല്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്ഷോര്‍ എന്ന കമ്ബനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കാനാകുമെന്ന വിവരങ്ങള്‍ എല്ലാ ട്രെയിനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മൊബൈലില്‍ വൈഫൈ ബട്ടണ്‍ ഓണ്‍ ചെയ്തതിനു ശേഷം ‘KMRL Free Wi-Fi’ സെലക്റ്റ് ചെയ്ത് പേരും മൊബൈല്‍ നമ്ബരും നല്‍കുക. അടുത്ത പടിയായി ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്ത് യാത്രക്കാര്‍ക്ക് കൊച്ചി മെട്രോ നല്കുന്ന സൗജന്യ വൈഫൈ സര്‍വീസ് ഉപയോഗിക്കാം.