ജമൈക്ക: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിലും വെസ്റ്റിന്‍ഡീസിന് ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഓസീസിനെ ആറ് വിക്കറ്റിനാണ് വിന്‍ഡീസ് തകര്‍ത്തത്. ആദ്യ ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 141 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 14.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
38 ബോളില്‍ 67 റണ്‍സെടുത്ത ക്രിസ് ഗെയിലിന്റെ മികവിലാണ് വെസ്റ്റിന്‍ഡീസിന് ജയം വേഗത്തിലാക്കിയത്. ഏഴ് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. നായകന് നിക്കോളാസ് പൂരന് 27 ബോളില്‍ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സിമ്മണ്‍സ് 13 ബോളില്‍ 15 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മാത്യു വെയ്ഡ് (23), ആരോണ്‍ ഫിഞ്ച് (30), ഹെന്റിക്സ് (33), ആഷ്ടണ്‍ ടര്‍ണര്‍ (24) എന്നിവരുടെ മികവില്‍ 141 റണ്‍സ് കുറിച്ചു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്ബര വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി. പരമ്ബരയില്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്. ടി20 ലോകകപ്പ് അടുത്തിരിക്കെ മറ്റു ടീമുകള്‍ക്ക് കടുത്ത വെല്ലുവിളിയാണ് കരീബിയന്‍ പട ഉയര്‍ത്തിയിരിക്കുന്നത്.