ജിഡിപിയില്‍ 9.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൊവിഡിന് ശേഷമുള്ള സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ മുഴുവന്‍ ക്രെഡിറ്റും കേന്ദ്രസര്ക്കാറിരിനാണ്. കേന്ദ്രസര്‍ക്കാറിനെ പിന്തുണക്കുക മാത്രമാണ് ആര്‍ബിഐ ചെയ്തതെന്നും ഈ സാമ്പത്തിക വര്‍ഷം ജിഡിപിയില്‍ 9.5 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ നിക്ഷേപങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ധനികുതി കുറവ്, ടെലികോം സെക്ടറിലെ നികുതി മാറ്റങ്ങള്‍, എയര്‍ ഇന്ത്യയുടെയും ചില പൊതു മേഖല ബാങ്കുകളുടേയും വില്പന തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനങ്ങളെല്ലാം സമ്പദ്വ്യവസ്ഥക്ക് ഗുണകരമായെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. എന്നാല്‍, ആഗോളതലത്തില്‍ എണ്ണവില ഉയരുന്നതും ചില രാഷ്ട്രീയ അസ്ഥിരതകളും ഇന്ത്യക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എങ്കിലും ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഇപ്പോഴും പോസിറ്റീവായി തന്നെ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കൊവിഡ് പ്രതിസന്ധിയില്‍ നിന്നും മോചനം നേടിയ ചില വികസിത രാജ്യങ്ങളിലെ സ്ഥിതി സസൂക്ഷ്മം നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറിയ രാജ്യങ്ങള്‍ ആദ്യം നല്ല വളര്‍ച്ചയുണ്ടാക്കുകയും പിന്നീട് ഇതിന്റെ തോതില്‍ ഇടിവ് വരികയും ചെയ്തിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 5.9 ശതമാനം മാത്രമായിരിക്കുമെന്നതും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് വായ്പകളെ ഗാര്‍ഹിക വായ്പകള്‍ മറികടന്നതായും ശക്തികാന്ത ദാസ് അറിയിച്ചു.