സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പുണ്ടായേക്കുമെന്ന് ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്. 24 കാരറ്റ് സ്വര്‍ണത്തിന് 10 ഗ്രാമിന് 49500 രൂപ മുതല്‍ 57000 രൂപയിലേക്ക് ഉയരാനും സാധ്യതയുണ്ടെന്ന് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ അബ്ദുള്‍ നാസര്‍ പറഞ്ഞു.
ബാങ്കുകളില്‍ നിന്ന് വ്യാപാരികള്‍ വാങ്ങുന്ന സ്വര്‍ണ നിരക്ക് ഉയര്‍ന്നേക്കും. അടുത്ത 12 മുതല്‍ 15 വരെ ദിവസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയ്ക്ക് വലിയ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണ്ണത്തിന്റെ വില ഏറ്റവും കുറഞ്ഞത് 1856 ഡോളറിനും ഉയര്‍ന്നത് 2150 ഡോളര്‍ വരെയും ആയിരിക്കാമെന്നാണ് വിപണിയിലെ വിലയിരുത്തല്‍. ഇന്ത്യന്‍ രൂപയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന്റെ വില 49500 രൂപയ്ക്കും 57000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് വിലയിരുത്തലെന്നും അഡ്വ അബ്ദുള്‍ നാസര്‍ അറിയിച്ചു.
രാജ്യാന്തര പേയ്മെന്റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായതോടെയാണ് സ്വര്‍ണവിലയും ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. റഷ്യയിലെ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും വിദേശ സാമ്പത്തിക ഇടപാടുകള്‍ ഇതോടെ പൂര്‍ണ്ണമായും നിലക്കും. അങ്ങിനെ വരുമ്പോള്‍ സ്വര്‍ണമായിരിക്കും അന്താരാഷ്ട്ര വ്യാപാരത്തിനുള്ള റഷ്യയിലെ പുതിയ കറന്‍സിയാവുകയെന്ന വിലയിരുത്തലാണ് ഇതിന് അടിസ്ഥാനം.