കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ അര്ജുന് ആയങ്കി കൊച്ചിയില്‍ കസ്റ്റംസ് ആസ്ഥാനത്തെത്തി. അഭിഭാഷകര്‍ക്കൊപ്പമാണ് ഇയാള്‍ എത്തിയത്. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന അധോലോക സംഘത്തിന്റെ മുഖ്യ സൂത്രധാരനാണ് അര്ജുന്. പതിനഞ്ചിലേറെ തവണ അര്ജുന് സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ നേരിട്ട് ഹാജരാകണമെന്നു കാണിച്ച് കസ്റ്റംസ് ഇയാള്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അയാള്‍ കൈപ്പറ്റിയില്ല. വീട്ടിലെത്തി ബന്ധുക്കള്‍ക്കാണ് നോട്ടീസ് കൈമാറിയത്. അതുകൊണ്ട് ഇയാള്‍ കസ്റ്റംസിനു മുന്നില്‍ ഹാജരാകുമോ എന്നു സംശയുമുണ്ടായിരുന്നു. അറിയപ്പെടുന്ന ഡിവൈഎഫ്ഐ നേതാവാണ് അര്ജുന്.
ഇയാളെ രക്ഷപ്പെടുത്താന്‍ പരാമവധി ശ്രമിച്ചെങ്കിലും വിമര്‍ശനങ്ങള്‍ ഭയന്ന് സിപിഎം തല്ക്കാലം കൈവിട്ടു. സുരക്ഷിത താവളങ്ങള്‍ തേടി ഇയാള്‍ കഴിഞ്ഞ ദിവസം പല പാര്‍ട്ടി ഗ്രാമങ്ങളെയും സമീപിച്ചു എന്നാണ് അറിയുന്നത്. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതി ഷാഫിയുടെ നാട്ടിലും ഇയാള്‍ സഹായം തേടി എത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കളുടെ പങ്ക് വെളിപ്പെടുമെന്ന സാഹചര്യത്തിലാണ് മിക്കവരും ഇയാളെ താല്‍ക്കാലികമായി കൈവിട്ടത്. എന്നാല്‍ നിയമസഹായം ഉള്‍പ്പെടെ മറ്റു സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കുന്നുണ്ട്.
ഇന്നു രാവിലെ പതിനൊന്നു മണിക്കാണ് കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് രണ്ട് അഭിഭാഷകര്‍ക്കൊപ്പം അര്ജുന് എത്തിയത്. കഴിഞ്ഞ ദിവസം സിപിഎമ്മില്‍ നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട സജേഷ് അടക്കം പലരെയും കസ്റ്റംസ് ചോദ്യം ചെയ്യും.