ന്യൂഡല്‍ഹി: നുപുര്‍ ശര്‍മയുടെ പ്രസ്താവനയുടെ പേരില്‍ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ എല്ലായിപ്പോഴും ഉണ്ട്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സംസ്കാരമാണ് ഇന്ത്യയുടേത്. ഇന്ത്യക്കെതിരെ കഴിഞ്ഞ കുറേ കാലമായി സംസാരിക്കുന്ന രാജ്യങ്ങളാണ് ഇപ്പോള്‍ മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഈ രാജ്യങ്ങള്‍ സ്വീകരിച്ച നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.
കേരള സമൂഹത്തെ വിഷമയമാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഗവര്‍ണറുടെ പ്രതികരണം. കേരളത്തിലെ സമൂഹത്തിന്റെ സമാധാനം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളം മാതൃകാ സംസ്ഥാനമാണ്. പ്രകോപനപരമായി സംസാരിക്കാന്‍ കുട്ടികളെപ്പോലും പഠിപ്പിക്കുകയാണ്. ഇതിന് പിന്നില്‍ ഒരു സംഘം ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.