കൊച്ചി : സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍.
സംസ്ഥാന സര്‍ക്കാരിന് ഇതിനുള്ള അവകാശമുണ്ടെന്നാണ് ഇന്നലെ ഭരണഘടനാ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയിലെ വിലയിരുത്തല്‍. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവന്നേക്കും. പ്രതിപക്ഷപിന്തുണയും ലഭിക്കുമെന്നാണു പ്രതീക്ഷ.
യു.ജി.സി. ചട്ടപ്രകാരം ചാന്‍സലറെ നിയമിക്കുന്നതു സംസ്ഥാന സര്‍ക്കാരാണ്. ഗവര്‍ണറെ ഈ പദവിയിലേക്കു നിയോഗിക്കുന്നതു ഡോക്ട്രിന്‍ ഓഫ് പ്ലഷര്‍ എന്ന നിലയ്ക്കാണ്. രാഷ്ട്രപതിയുടെ പ്രതിനിധിയെന്ന നിലയിലാണത്. ഈ പദവി ദുരുപയോഗം ചെയ്താല്‍ അതു തടയാന്‍ സര്ക്കാരിനാവുമെന്നാണു നിയമവിദഗ്ധരുടെ നിലപാട്. ഇക്കാര്യം നേരത്തെ ഇടതുസര്‍ക്കാര്‍ ആലോചിച്ചെങ്കിലും അക്കാലത്തു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി നല്ല ബന്ധം ആയിരുന്നതിനാല്‍ മുന്നോട്ടുപോയില്ല.
സര്‍വകലാശാലാ നിയമപ്രകാരം ചാന്‍സലറാണു തലവന്‍. ചാന്‍സലറായ ഗവര്‍ണര്‍ക്കു സര്‍ക്കാരിന്റെ ഉപദേശം കൂടാതെ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നു സുപ്രീം കോടതി വിധിയുണ്ട്. ചാന്‍സലര്‍ എന്ന എക്സ് ഒഫിഷ്യോ പദവിയില്‍നിന്നു ഗവര്‍ണറെ ഒഴിവാക്കുന്നതിലൂടെ ഈ സാഹചര്യം മറികടക്കാമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
ചാന്‍സലര്‍ സര്‍വകലാശാലയുടെ ഭരണത്തിലോ അക്കാദമിക് കാര്യങ്ങളിലോ സാധാരണ ഇടപെടാറില്ല. അതെല്ലാം നിര്‍വഹിക്കുന്നതു വൈസ് ചാന്‍സലറും മറ്റു അധികാരികളുമാണ്.
ചാന്‍സലര്‍ അര്‍ധ ജുഡീഷ്യലോ ജുഡീഷ്യലോ ആയ അധികാര സ്ഥാപനമല്ലാത്തതിനാല്‍, നിയമപരമായ അവകാശങ്ങളില്‍ തീരുമാനമെടുക്കേണ്ടതു ചാന്‍സലര്‍ അല്ല, കോടതിയാണെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, നിയമന നടപടികള്‍ സര്‍വകലാശാലാ ചട്ടത്തിനും നിയമത്തിനുമെതിരായാല് ചാന്‍സലര്‍ക്കു റദ്ദാക്കാമെങ്കിലും നിയമനങ്ങളില്‍ നിയമപരമായ അവകാശങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അതു കോടതിയാണു തീരുമാനിക്കേണ്ടതെന്നാണു നിയമവിദഗ്ധര്‍ പറയുന്നത്.
അതിനിടെ, സാങ്കേതിക സര്‍വകലാശാല വി.സി. നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജി നല്കിയാലും പ്രയോജനമില്ലെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍, വിധി പറഞ്ഞ ജസ്റ്റീസ് എം.ആര്. ഷാ കേരളത്തിന്റെ കാര്യത്തില്‍ കര്‍ക്കശ നിലപാടുകാരനാണ്. അതിനാല്‍, വിധി പുനഃപരിശോധിക്കാന്‍ യാതൊരു സാധ്യതയുമില്ല.
ജെബി പോള്‍