ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനഞ്ചാം സീസണില്‍ പ്ലേ ഓഫില്‍ കടക്കുന്ന ആദ്യ ടീമായി ഹര്‍ദിക് പാണ്ഡ്യായുടെ ഗുജറാത്ത് ടൈറ്റന്‍സ്.
ഇന്നലെ നടന്ന മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ പരാജയപ്പെടുത്തിയതോടെയാണ് ഗുജറാത്ത് പ്ലേ ഓഫിലെത്തിയത്. 62 റണ്‍സിനാണ് ഗുജറാത്ത് ലക്നൗവിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്തിനും വലിയ സ്കോര്‍ ഉയര്ത്തുവാനായിരുന്നില്ല. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് ഗുജറാത്ത് ഉയര്‍ത്തിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ പൂര്‍ണ പരാജയമായിരുന്ന ലക്നൗവിന് 13.5 ഓവറില്‍ എല്ലാ വിക്കറ്റും നഷ്ടമായപ്പോള്‍ 82 റണ്‍സ് മാത്രമേ എടുക്കുവാനായുള്ളു. ഗുജറാത്തിനായി ശുഭ്മാന്‍ ഗില്‍(63*), ഡേവിഡ് മില്ലര്‍(26), രാഹുല്‍ തേവാട്ടിയ(22) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ റാഷിദ് ഖാന് നാലും യാഷ് ദയാല്‍, സായി കിഷോര്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി ലക്നൗവിനെ പിടിച്ചുകെട്ടി. ലക്നൗ നിരയില്‍ ഡികോക്ക്(11), ദീപക് ഹൂഡ(27) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ലക്നൗവിനായി ആവേശ് ഖാന് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. പോയിന്റ് പട്ടികയില്‍ ഗുജറാത്ത് ഒന്നാമതും ലക്നൗ രണ്ടാം സ്ഥാനത്തുമാണ്.