ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച വാഹനത്തിന്റെ പുനര്‍ലേലം നടത്താനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്ന് വാഹനം ആദ്യം ലേലം കൊണ്ട അമല്‍. ദേവസ്വം കമ്മീഷ്ണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്നും അമല്‍ വ്യക്തമാക്കി. ദേവസ്വത്തിന്റേത് പക്ഷപാതപരമായ തീരുമാനമാണ്. വിഷയത്തില്‍ അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടര്‍ നടപടി തീരുമാനിക്കുമെന്നും അമല്‍ പറഞ്ഞു.
മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ‘ഥാര്‍’ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. ‘ഥാര്‍’ പുനര്‍ലേലം ചെയ്യുന്ന തീയതി മാധ്യമങ്ങള്‍ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയര്മാന് ഡോ. വി കെ വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.
2021 ഡിസംബര്‍ 4ന് ക്ഷേത്രത്തില്‍ വഴിപാടായി നല്കിയ ഥാര്‍, ഡിസംബര്‍ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. എന്നാല്‍ അന്ന് ഖത്തറില്‍ വ്യവസായിയായ അമല്‍ മുഹമ്മദ് അലിയുടെ പ്രതിനിധി സുഭാഷ് പണിക്കര്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലത്തില്‍ 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂര്‍ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോള്‍ പതിനായിരം രൂപ അമലിന്റെ പ്രതിനിധി സുഭാഷ് പണിക്കര്‍ കൂട്ടിവിളിച്ചു. ലേലത്തില്‍ വേറെ ആളില്ലാത്തതിനാല്‍ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു. ലേലത്തിനെതിരെ ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ വാഹനത്തിന്റെ ലേലം നിയമപോരാട്ടത്തിലെത്തി. ഇരുകൂട്ടരേയും കേട്ട ശേഷമാണ് വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനം ഭരണ സമിതിയെടുത്തത്.