കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ ഹാർദ്ദിക് പട്ടേലിന്റെ സുരക്ഷ വർദ്ധിപ്പിച്ച് ഗുജറാത്ത് സർക്കാർ. അദ്ദേഹത്തിനെതിരെ വരുന്ന ഭീഷണിയുടെയും സൈബർ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സൈബർ ആക്രമണത്തെ തുടർന്ന് നിലവിൽ ഹാർദ്ദിക് പട്ടേൽ സമൂഹമാദ്ധ്യമങ്ങളിലെ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്.
ഹാർദ്ദിക് പട്ടേലിനെ വധിക്കുമെന്നുൾപ്പെടെയുള്ള ഭീഷണികളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗുജറാത്ത് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സുരക്ഷ നൽകി ഉത്തവിട്ടത്. ഗുജറാത്ത് പോലീസാകും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുക.
ബിജെപിയിൽ ചേർന്നതിന് പിന്നാലെ പാർട്ടി അംഗത്വം സ്വീകരിക്കാനുള്ള ടോൾ ഫ്രീ നമ്പർ ഹാർദ്ദിക് പട്ടേൽ ഫേസ്ബുക്കിലും, ട്വിറ്ററിലും പങ്കുവെച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. ബിജെപിയ്ക്കെതിരെ ഹാർദ്ദിക് പട്ടേൽ നടത്തിയ പരാമർശങ്ങൾ അടങ്ങിയ വീഡിയോകളും ഇതിനിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.