തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്. നിലവിലെ നിയമങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പര്യാപ്തമാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
മാത്യു കുഴല്‍ നാടന്‍ ഓഗസ്റ്റ് നാലിന് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. പൊതുജനങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.
അതേസമയം ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഐഎംഎ കഴിഞ്ഞയാഴ്ച സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ വിചിത്രമായ മറുപടി.
തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മാളുവിനെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്തത്. ഇതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നു. അതേസമയം ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായത് 43 അതിക്രമങ്ങളാണ്. ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കിയിട്ടും കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ജാമ്യത്തിലാണ്.