പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ജാമ്യഹർജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. ജാമ്യഹർജി വേഗത്തിൽ കേൾക്കണമെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയോട് ആവശ്യപ്പെട്ടു. ഹോസ്പിറ്റലിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുമോ എന്ന് ആശങ്ക ഉണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു.
എന്നാൽ ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സർക്കാർ അറിയിച്ചതോടെയാണ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്. ജാമ്യഹർജി ഈ മാസം 11 ന് വീണ്ടും പരിഗണിക്കും.
]അര്‍ബുദ ബാധിതനായ ഇബ്രാഹിംകുഞ്ഞ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ കഴിഞ്ഞ മാസം 18 നാണ് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്.ആശുപത്രിയില്‍ നിന്നും മാറ്റുന്നത് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാക്കുമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയില്‍ എത്തിയാണ് റിമാന്റ് ചെയ്തത്. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.