ജിയാസ് ജമാൽ || SEPTEMBER 10,2021
കൊച്ചി: ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ഡി.ജി.പി റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തൃശൂര്‍ ചേര്‍പ്പ് എസ്ഐ മകളോടും തന്നോടും മോശമായി പെരുമാറിയെന്ന് കാണിച്ച് ചേര്‍പ്പ് സ്വദേശി ജെ.എസ്. അനില്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം
റിപ്പോര്‍ട്ട് രണ്ട് ആഴ്ചയ്ക്ക് അകം സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ നിര്‍ദ്ദേശം. നേരത്തെ ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ ‘എടാ, എടീ’ വിളികള്‍ പൊലീസ് ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയത്.
കൊളോണിയല്‍ മുറയുടെ ശേഷിപ്പാണ് ഇത്തരം വിളികളെന്ന് കോടതി അഭിപ്രായപ്പെട്ടു. പൗരന്മാര്ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് പരാതികള്‍ പരിഗണിക്കുന്നതും പൊലീസ് തന്നെയായതില്‍ തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായും ‘എടാ’ ‘എടീ’ വിളികള്‍ പൊലീസ് സാധാരണയായും ഉപയോഗിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ജനങ്ങളോട് മാന്യമായി മാത്രമേ പെരുമാറാവൂ എന്ന് ഹൈക്കോടതി 2018ല്‍ ഉത്തരവിട്ടിട്ടുണ്ട്. മുന്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി പറഞ്ഞു.