ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കണക്കുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,32,05,0926 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 794 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,68,436 ആയി. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 10,46,631 ആയി. രോഗമുക്തി നിരക്ക് 91 ശതമാനമായി താഴ്ന്നു.
തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നുമുതല്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴു വരെയാണ് ലോക്ക്ഡൗണ്‍.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ എല്ലാ സ്കൂളുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്വകാര്യ സ്കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്.
കോവിഡ് വ്യാപനം രൂക്ഷമായതു കണക്കിലെടുത്ത് ഡല്‍ഹിയില്‍ നേരത്തെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യുവും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ ഭാഗിക ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.