ടൂര്‍ണമെന്റുകള്‍ക്ക് പുതിയ മുഖം നല്കുന്ന തീരുമാനങ്ങളുമായി ക്രിക്കറ്റിലെ ആഗോള സമിതിയായ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഐസിസിയുടെ പരിമിത ഓവര്‍ ടൂര്‍ണ്ണമെന്റുകളായ ഏകദിന, ടി20 ലോകകപ്പ്, ചാമ്ബ്യന്‍സ് ട്രോഫി എന്നിവയ്ക്കാണ് മാറ്റം വരാന്‍ പോകുന്നത്. ഏകദിന ടി20 ലോകകപ്പുകളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ ഐസിസി വര്‍ധന വരുത്തി. ചാമ്ബ്യന്‍സ് ട്രോഫി തിരിച്ചു വരുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. തിങ്കളാഴ്ച ചേര്‍ന്ന ഐസിസിയുടെ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങളുണ്ടായത്. 2024-2031 വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളുടെ കാര്യത്തിലാണ് തീരുമാനമായത്.
ഐസിസി തീരുമാന പ്രകാരം 2027, 2031 ഏകദിന ലോകകപ്പുകളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 14 ആക്കി ഉയര്‍ത്തി. ഇതോടെ ഏകദിന ലോകകപ്പില്‍ 54 മത്സരങ്ങള്‍ ആകെ മൊത്തം ഉണ്ടാവും. 2003ലെ ലോകകപ്പ് മത്സരം നടത്തിയത് പോലെയാകും ഇനിയുള്ള ലോകകപ്പുകള്‍. ഏഴ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായിട്ടായിരിക്കും മത്സരങ്ങള്‍. ഗ്രൂപ്പിലെ ആദ്യ മൂന്ന് ടീമുകള്‍ സൂപ്പര്‍ 6 ഘട്ടത്തില്‍ ഏറ്റുമുട്ടും. പിന്നീട് ഈ ഘട്ടത്തില്‍ നിന്നും മുന്നേറുന്നവര്‍ സെമിയില്‍ ഏറ്റുമുട്ടും. എന്നാല്‍ 2023ല്‍ നടക്കാന്‍ പോകുന്ന ഏകദിന ലോകകപ്പില്‍ ഈ മാറ്റം ഉണ്ടാവില്ല. പത്ത് ടീമുകള്‍ എന്ന രീതിയില്‍ അവസാനമായി മത്സരിക്കുന്ന ലോകകപ്പ് ആകും ഇത്. ഐസിസിയുടെ പുതിയ തീരുമാനം കൂടുതല്‍ ക്രിക്കറ്റ് ടീമുകള്‍ക്ക് ലോകകപ്പ് പോലുള്ള വേദികളിലേക്ക് കടന്നു വരാനുള്ള അവസരം ഒരുക്കും.
ടി20 ലോകകപ്പിലും ഇതേ പോലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ രണ്ടു വര്‍ഷം കൂടുമ്ബോള്‍ നടക്കും എന്ന് തീരുമാനമായ ടി20 ലോകകപ്പുകളില്‍ 16 ടീമുകള്‍ക്ക് ബദലായി 20 ടീമുകള്‍ വീതം പങ്കെടുക്കും. നിലവില്‍ ക്രിക്കറ്റിന്റെ ഏറ്റവും പ്രചാരമുള്ള ഫോര്‍മാറ്റ് എന്ന നിലയിലാണ് ഐസിസി 20 ടീമുകളെ ലോകകപ്പില്‍ ഉള്‍പ്പെടുത്താന്‍ ഉള്ള തീരുമാനം ഉണ്ടായത്. ഇതോടെ 55 മത്സരങ്ങളാണ് ലോകകകപ്പില്‍ ഉണ്ടാവുക. അഞ്ച് ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളായിട്ടായിരിക്കും മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ 8 ഘട്ടത്തിലേക്ക് മുന്നേറും.
ഇതിനുപുറമെ മറ്റൊരു സുപ്രധാന തീരുമാനം എന്നത് ചാമ്ബ്യന്‍സ് ട്രോഫി തിരിച്ചു കൊണ്ടുവരുന്നു എന്നതാണ്. 2025ലായിരിക്കും എട്ടു ടീമുകളെ ഉള്‍പ്പെടുത്തി ചാമ്ബ്യന്‍സ് ട്രോഫി വീണ്ടും ആരംഭിക്കുക. 2017ലാണ് അവസാനമായി ചാമ്ബ്യന്‍സ് ട്രോഫി നടന്നത്. ഫൈനലില്‍ ഇന്ത്യയെ കീഴടക്കി പാകിസ്ഥാനാണ് കിരീടം നേടിയത്. ഇതിലെ ടീമുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഏകദിനത്തിലെ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഉള്ള ടീമുകളാണ് ഈ ടൂര്‍ണമെന്റില്‍ മത്സരിക്കുക.
ഇതുകൂടാതെ, ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ടൂര്‍ണമെന്റ് തുടരുന്ന കാര്യത്തിലും ഐസിസി തീരുമാനമെടുത്തു. 2024-2031 കാലയളവില്‍ നാല് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പുകള്‍ നടക്കും. 2025, 2027, 2029, 2031 വര്‍ഷങ്ങളിലായിരിക്കും അടുത്ത ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ്. 2023ല്‍ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലുണ്ടാകുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ അവസാന പാദത്തിലുള്ള പ്രഥമ ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനല്‍ ജൂണ്‍ 18നാണ് നടക്കുന്നത്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് മത്സരം. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ ആരാധക പിന്തുണ ലഭിക്കുന്നതിനായി ഇത്തരമൊരു പരിഷ്കാരം നടത്തിയ ഐസിസിയുടെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് ടൂര്‍ണമെന്റിന് ലഭിക്കുന്ന ആരാധക പിന്തുണ.