സാമ്പത്തിക മാന്ദ്യം വലിയ പ്രത്യാഘതത്തിന് ഇടയാക്കുമെന്നിരിക്കെ ഗൾഫുമായുള്ള ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യ. സൗദി ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഉഭയകക്ഷി ചർച്ചയ്ക്കായി സന്ദർശനം നടത്താൻ ഒരുങ്ങുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രി. ഇതിനുപുറമെ ചേംബർ, ഫിക്കി ഉൾപ്പെടെയുള്ള വേദികൾക്കു ചുവടെ വെർച്വൽ യോഗങ്ങൾ ചേരും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം അനിവാര്യമാണെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ കാര്യവും രാജ്യത്തിന് പ്രധാനം തന്നെയാണ്. ഇത് സംബന്ധിച്ച കാര്യങ്ങൾ യുഎഇ , ബഹ്റൈൻ സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഉന്നയിക്കുകയും ചെയ്തിരുന്നു. ഉഭയകക്ഷി ചർച്ചയിലൂടെ ഊർജം ഉൾപ്പെടെയുള്ള മേഖലകളിൽ സംയുക്ത പദ്ധതികൾ ആവിഷ്കരിക്കാനുള്ള സാധ്യതകൾ ഇന്ത്യ മുന്നിൽ കാണുന്നുണ്ട്.