ബാറ്റിങ്ങിലും ബൗളിങ്ങിലും നിറഞ്ഞാടിയ രവീന്ദ്ര ജഡേജയുടെ കരുത്തിൽ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയെ തറപറ്റിച്ചു ഇന്ത്യൻ ടീം. ലങ്കയെ ഫോളോ-ഓൺ ചെയ്യിച്ച ഇന്ത്യ ഇന്നിങ്സിനും 222 റൺസിനും വിജയിച്ചു. മൊഹാലിയിലെ ടെസ്റ്റിനെ ‘ജഡേജ ടെസ്റ്റ്’ എന്നാണ് ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്.
മൊഹാലിയിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ജഡേജയുടെ തകർപ്പൻ ബാറ്റിങ്ങിൽ 574-8 എന്ന് കൂറ്റൻ സ്കോറിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ജഡേജ 228 പന്തിൽ 175 റൺസ് നേടി പുറത്താകാതെ നിന്നു. ഋഷഭ് പന്ത്(96), ഹനുമാ വിഹാരി(58), അശ്വിൻ(61), വിരാട് കോഹ്ലി(45) എന്നിവരുടെ ബാറ്റിംഗും ഇന്ത്യയ്ക്ക് മുതൽക്കൂട്ടായി.
ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ച വെച്ചു. ബൗളിംഗിലും നിറഞ്ഞാടിയത് ജഡേജ-അശ്വിൻ സഖ്യം തന്നെയായിരുന്നു. ജഡേജ അഞ്ചും, അശ്വിനും ബുമ്രയും രണ്ട് വിക്കറ്റ് വീതവും ഷമി ഒന്നും വിക്കറ്റ് വീഴ്ത്തിയപ്പോൾ, ആദ്യ ഇന്നിംങ്സിൽ തന്നെ ലങ്ക 174 റൺസിൽ പതറുകയായിരുന്നു.
തുടർന്ന് ഫോളോ-ഓണിൽ നാല് വിക്കറ്റ് വീതവുമായി ജഡേജയും അശ്വിനും വീണ്ടും നിറഞ്ഞാടിയപ്പോൾ, ലങ്ക തോൽവിയിലേയ്ക്ക് വീഴുകയായിരുന്നു. ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്വെല്ലയുടെ അർധ സെഞ്ച്വറി മാത്രമാണ് ലങ്കയ്ക്ക് ആശ്വാസമായത്.