മുഹമ്മദ് നവാസ് എറിഞ്ഞ 20-ാം ഓവറിലെ ആദ്യ പന്തില്‍ത്തന്നെ ആരാധകര്‍ തലയില്‍ കൈവച്ചുപോയി. 37 പന്തില്‍ 40 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ മടങ്ങുന്ന കാഴ്ച. പകരമെത്തിയതു സൂപ്പര്‍ ഫിനിഷര്‍ ദിനേശ് കാര്‍ത്തിക്. ഓവറിലെ രണ്ടാം പന്തില്‍ ഒന്നും മൂന്നാം പന്തില്‍ രണ്ടും റണ്‍സ് ഇന്ത്യ ഓടിയെടുത്തു.
നാലാം പന്തില്‍ നവാസിനു പിഴച്ചു. നോബോളായ പന്ത് കോഹ്ലി അടിച്ചെത്തിച്ചത് സ്റ്റേഡിയത്തിലെ കാഴ്ചക്കാര്ക്കിടയില്. പ്രതിരോധത്തിലായ നവാസ് ഫ്രീഹിറ്റ് പന്ത് വൈഡ് എറിഞ്ഞതോടെ ഇന്ത്യക്ക് ഒരു റണ്‍കൂടി. അടുത്ത ഫ്രീഹിറ്റില്‍ സ്റ്റന്പ് ഇളകിയെങ്കിലും കോഹ്ലി ഇളകിയില്ല. കീപ്പറെ വെട്ടിച്ചു പിന്നിലേക്കു പാഞ്ഞ പന്തില്‍ കോഹ്ലി ഓടിയെടുത്തത് മൂന്നു റണ്‍സ്.
അഞ്ചാം പന്തില്‍ ആന്റി ക്ലൈമാക്സ് പോലെ കാര്‍ത്തിക്ക് പുറത്ത്. വേണ്ടത് ഒരു പന്തില്‍ രണ്ടു റണ്‍സ്. പകരക്കാരന് രവിചന്ദ്രന്‍ അശ്വിന് നേരിട്ട ആറാം പന്ത് വൈഡായതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് ഒരു റണ്‍. ഏഴു ഫീല്‍ഡര്‍മാര്‍ തൊട്ടടുത്തു നിന്നപ്പോള്‍ മിഡ് ഓഫിലൂടെ അശ്വിന് പന്ത് അടിച്ചകറ്റി. പാക് താരങ്ങള്‍ നിശ്ചലരായി; സ്റ്റേഡിയം ആര്‍ത്തലച്ചു.
കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് ഇന്ത്യയുടെ മധുരപ്രതികാരം. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി വിരാട് കോഹ്ലി 53 പന്തുകള്‍ നേരിട്ട് 82 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്നു വിക്കറ്റും 40 റണ്‍സും നേടിയ ഹാര്‍ദിക്, കോഹ്ലിയുടെ പ്രകടനപ്രഭാവത്തില് മങ്ങിപ്പോയെങ്കിലും, ആ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മാറ്റ് ഒട്ടും കുറയുന്നില്ല.