യുക്രെയ്ന് ഭൂപ്രദേശങ്ങളെ റഷ്യയോട് കൂട്ടിച്ചേര്‍ത്ത നടപടിയെ അപലപിക്കാനായി ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ രഹസ്യബാലറ്റ് വേണമെന്ന റഷ്യന്‍ ആവശ്യത്തെ എതിര്‍ത്ത് ഇന്ത്യ.
റഷ്യന്‍ നടപടിയെ അപലപിക്കാന്‍ അല്‍ബേനിയ അവതരിപ്പിച്ച കരട് പ്രമേയത്തില്‍ ഓപ്പണ്‍ വോട്ടിങ് വേണമെന്നതിന് അനുകൂലമായി ഇന്ത്യ വോട്ട് രേഖപ്പെടുത്തി. രഹസ്യ ബാലറ്റ് വേണമെന്നായിരുന്നു റഷ്യയുടെ ആവശ്യം.
നാല് യുക്രെയ്ന് മേഖലകള്‍ രാജ്യത്തോട് കൂട്ടിച്ചേര്‍ത്ത റഷ്യന്‍ നടപടിയെ അപലപിച്ചായിരുന്നു അല്‍ബേനിയയുടെ പ്രമേയം. എന്നാല്‍, പ്രമേയത്തില്‍ രഹസ്യ ബാലറ്റ് ആവശ്യപ്പെട്ട് റഷ്യ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് വോട്ടെടുപ്പ് നടത്തിയത്.
ഇന്ത്യയുള്‍പ്പെടെ 107 രാജ്യങ്ങള്‍ ഓപ്പണ്‍ വോട്ടിനെ അനുകൂലിച്ചപ്പോള്‍ 13 രാജ്യങ്ങള്‍ രഹസ്യവോട്ട് ആവശ്യപ്പെട്ടു. 39 രാജ്യങ്ങള്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടുനിന്നു.
കിഴക്കന്‍, തെക്കന്‍ മേഖലകളിലായി യുക്രെയ്ന്റെ 18 ശതമാനം വരുന്ന നാലു പ്രദേശങ്ങളാണ് റഷ്യ തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത്. കിഴക്ക് ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക് പ്രവിശ്യകളും തെക്ക് സപോറിഷ്യ, ഖേഴ്സണ്‍ എന്നിവയുമാണ് രാജ്യാന്തര ചട്ടങ്ങള്‍ ലംഘിച്ച് പുടിന് റഷ്യയുടേതാക്കി മാറ്റിയത്. വര്‍ഷങ്ങളായി റഷ്യന്‍ അനുകൂല വിമതര്‍ക്ക് മേല്‍ക്കൈയുള്ള കിഴക്കന്‍ മേഖലയില്പോലും റഷ്യക്ക് നിയന്ത്രണം കുറഞ്ഞുവരുന്നതിനിടെയാണ് തിരക്കിട്ട കൂട്ടിച്ചേര്‍ക്കല്‍. ഇതിനു മുന്നോടിയായി ഹിതപരിശോധന എന്ന പേരില്‍ ഈ മേഖലകളില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. 2014ല്‍ ക്രിമിയ കൂട്ടിച്ചേര്‍ത്തതിനു സമാനമായാണ് സുപ്രധാന പ്രവിശ്യകള്‍ റഷ്യ പിടിച്ചെടുത്തത്.