ഞായറാഴ്ച നടന്ന ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയില്‍ നടന്ന വിവാഹാഭ്യര്‍ഥന വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യക്കാരനായ ദിപെന്‍ മാണ്ഡല്യയും ഓസ്ട്രേലിയന്‍ സ്വദേശിനി റോസ് വിംബുഷുമാണ് ഈ പ്രണയജോഡികള്‍. പ്രണയത്തിലായി ഒന്നരവര്‍ഷം പിന്നിടുമ്ബോഴായിരുന്നു ദിപെന്റെ വിവാഹാഭ്യര്‍ഥന.
അപ്രതീക്ഷിതമായ ഈ വിവാഹാഭ്യര്‍ഥന ശരിക്കും ഞെട്ടിച്ചു കളഞ്ഞതായി ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ റോസ് വ്യക്തമാക്കി. ”ആദ്യം ഞാന്‍ അമ്ബരന്നു. ഇങ്ങനെ സംഭവിക്കുമെന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ഞാന്‍ വല്ലാതെ പരിഭ്രമിച്ചു”- റോസ് പറഞ്ഞു.
ഇത്തരത്തില്‍ വിവാഹാഭ്യര്‍ഥന നടത്താനുള്ള തീരുമാനം കുറച്ചു നാളായി മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും കോവിഡ് സാഹചര്യങ്ങള്‍ കാരണം നീണ്ടു പോകുകയായിരുന്നുവെന്ന് ദിപെന്‍ വെളിപ്പെടുത്തി.
”ശരിയായ സന്ദര്‍ഭത്തിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. റോസ് ചെറുതായി ഒന്ന് പേടിച്ചു, പക്ഷേ, ഇതിലും മികച്ച സന്ദര്‍ഭം ഇനിയുണ്ടാകില്ലെന്ന് എനിക്കു തോന്നി” – ദിപെന്‍ പറഞ്ഞു.
ജെറ്റ്സ്റ്റാര്‍ ഓസ്ട്രേലിയ എന്ന സ്ഥാപനത്തില്‍ പ്രൊജക് ആന്‍ഡ് റിപ്പോര്‍ട്ട് അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ് ദിപെന്‍. ബെംഗളൂരുവിലെ സെന്റ് ജോസഫ് കോളജ് ഓഫ് കൊമേഴ്സില്‍ നിന്നും മാനേജ്മെന്റ് ബിരുദം നേടിയ ദിപെന്‍ ഏവിയേഷന്‍ ആന്‍ഡ് മാരിടൈം ട്രാന്സ്പോര്ട്ടേഷന് മാനേജ്മെന്റ് കോഴ്സ് ചെയ്യാനാണ് ഓസ്ട്രേലിയയില്‍ എത്തിയത്.
സിഡ്നി യൂണിവേഴ്സിറ്റിയില്‍നിന്നും കോഴ്സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ജെറ്റ്സ്റ്റാര്‍ ഓസ്ട്രേലിയയില്‍ ജോലി നേടുകയും ചെയ്തു. ഒന്നര വര്‍ഷം മുമ്ബാണ് റോസിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും ഇപ്പോള്‍ മെല്‍ബണിലാണ് താമസം.
ഇന്ത്യന്‍ ഇന്നിങ്സ് 20 ഓവര്‍ പിന്നിട്ടപ്പോഴായിരുന്നു ദിപെന്റെ വിവാഹാഭ്യര്‍ഥന. റോസിന് നേരെ മോതിരം നീട്ടി മുട്ടുകുത്തി നില്ക്കുന്ന ദിപന്‍ സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ തെളിഞ്ഞു. ഇതോടെ കമന്റേറ്റര്‍മാരും ആവേശത്തിലായി.
റോസ് വിവാഹാഭ്യര്‍ഥന സ്വീകരിച്ചതോടെ കാണികളും ഓസീസ് താരം ഗ്ലെന്‍ മാക്സവെല്ലും കയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുകയും ചെയ്തു.