ഗോഹട്ടി: ഐസിസി 2023 ഏകദിന ക്രിക്കറ്റ് പോരാട്ടത്തിലേക്കുള്ള ആദ്യ പരീക്ഷണഘട്ടത്തിന് ഇന്ത്യ ഇറങ്ങുന്നു.
ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ പോരാട്ടം ഇന്ന് ഗോഹട്ടിയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുന്‍നിര ടീമാണു ലങ്കയ്ക്കെതിരേ ഇറങ്ങുന്നത്.
ശുഭ്മാന്‍ ഗില്‍ ആയിരിക്കും നായകന് ഒപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ഏകദിന ഇരട്ട സെഞ്ചുറി നേടിയ ഇഷാന് കിഷന് പുറത്തിരിക്കേണ്ടിവരുമെന്നാണു രോഹിത് നല്കുന്ന സൂചന. ട്വന്റി-20യില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരില്‍ ഒരാള്‍ മാത്രമായിരിക്കും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളത്.
അതേസമയം, ട്വന്റി-20യില്‍ എന്നതുപോലെ ഏകദിനത്തിലും കരുത്തുറ്റടീമായി മാറുകയാണ് ശ്രീലങ്ക. 2022ല്‍ ലങ്ക കളിച്ച 10 ഏകദിനത്തില്‍ ആറിലും ജയം സ്വന്തമാക്കി. ഓസ്ട്രേലിയയ്ക്കെതിരായ ഹോം സീരീസ് ജയം ഉള്‍പ്പെടെയാണിത്. സ്വന്തം മണ്ണില്‍ ഇന്ത്യ അസാമാന്യ ഫോമിലാണ്. 2020നുശേഷം സ്വന്തം മണ്ണില്‍ കളിച്ച 12 ഏകദിനത്തില്‍ ഒന്‍പതിലും ഇന്ത്യ ജയം നേടി.