വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും ജയം

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും ജയം. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിനെ മൂന്ന് റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ക്യാപ്റ്റൻ ശിഖർ ധവാൻ (97), ശുഭ്മൻ ഗിൽ (64), ശ്രേയസ് അയ്യർ (54) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വിൻഡീസ് നിരയിൽ ഷർമ ബ്രൂക്സ്(45), ക്യാപ്റ്റൻ നിക്കോളാസ് പൂരാൻ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യക്കുവേണ്ടി സിറാജ്, ശർദൂൽ താക്കൂർ, ചഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ആദ്യ ഏകദിനത്തിൽ വെറും 3 റൺസിന് കഷ്ടിച്ചായിരുന്നു ഇന്ത്യൻ ജയം. മറുപടി ബാറ്റിംഗിൽ ഒന്ന് പതറിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി വിൻഡീസ് ഞെട്ടിച്ചു. അഞ്ചാം ഓവറിൽ ഷായ് ഹോപ്പ് (7) സിറാജിന്റെ പന്തിൽ പുറത്തായി. പിന്നീട് ഷംര ബ്രൂക്‌സും, കെയ്‌ൽ മെയേഴ്‌സും ചേർന്ന് 117 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ട് തീർത്തു. 24-ാം ഓവറിൽ ബ്രൂക്‌സിനെ പവലിയനിലേക്ക് മടക്കി ഷാർദുൽ താക്കൂർ കൂട്ടുകെട്ട് പൊളിച്ചു. 4 ബൗണ്ടറിയും 1 സിക്‌സും അടക്കം 61 പന്തിൽ 46 റൺസാണ് താരം നേടിയത്.

26-ാം ഓവറിൽ താക്കൂർ അപകടകാരിയായ മേയേഴ്സിനെയും പുറത്താക്കി. 68 പന്തിൽ 10 ബൗണ്ടറിയും 1 സിക്‌സും സഹിതം 75 റൺസാണ് മേയേഴ്സ് നേടിയത്. നാലാം വിക്കറ്റിൽ കിംഗിനൊപ്പം ക്യാപ്റ്റൻ നിക്കോളാസ് പൂരൻ (25) 51 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടു. 66 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 54 റൺസാണ് കിംഗ് അടിച്ചുകൂട്ടിയത്. എന്നാൽ രണ്ട് വിക്കറ്റ് കൂടി വീണതോടെ വിൻഡീസ് വേഗത കുറഞ്ഞു. അകിൽ ഹൊസൈനും, റൂഥർ ഷെപ്പേർഡും ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചെങ്കിലും സിറാജ് വഴിമുടക്കി.

മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ വെസ്റ്റ് ഇൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസ്. സമർത്ഥമായി ബൗൾ ചെയ്‌ത സിറാജ് 11 റൺസ് മാത്രമാണ് വിട്ടുനൽകിയത്. നേരത്തെ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 308 റൺസെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണർമാരായ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ഒന്നാം വിക്കറ്റിൽ 119 റൺസ് കൂട്ടിച്ചേർത്തു. 18-ാം ഓവറിൽ ഗിൽ റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് തകർന്നു. ആദ്യം പരുങ്ങിയ ധവാൻ രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ധവാൻ സ്കോറുയർത്തി. 18–ാം സെഞ്ചറിയിലേക്കു നീങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ മൂന്ന് റൺസ് അകലെ വീണു. 10 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു ധവാന്റെ ഇന്നിങ്സ്.

57 പന്തുകൾ നേരിട്ട അയ്യർ 54 റൺസെടുത്തു. സൂര്യകുമാർ യാദവ് (14 പന്തിൽ 13), സഞ്ജു സാംസൺ (18 പന്തിൽ 12) എന്നിവരുടെ വിക്കറ്റുകൾ വേഗം വീണു. 39-ാം ഓവറിൽ അകിൽ ഹൊസൈന്റെ പന്തിൽ സൂര്യകുമാർ പുറത്തായപ്പോൾ 43-ാം ഓവറിൽ റൂഥർ ഷെപ്പേർഡിന്റെ പന്തിൽ സാംസൺ എൽബിഡബ്ല്യു ആയി. ദീപക് ഹൂഡയും (32 പന്തിൽ 27) അക്‌സർ പട്ടേലും (21 പന്തിൽ 21) ആറാം വിക്കറ്റിൽ 42 റൺസിന്റെ സുപ്രധാന കൂട്ടുകെട്ടുണ്ടാക്കി. ഷാർദുൽ താക്കൂറും (7) മുഹമ്മദ് സിറാജും (1) പുറത്താകാതെ നിന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...