ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 157 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ജയത്തോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്ബരയില്‍ ഇന്ത്യ 2-1 നു മുന്നിലെത്തി. സ്കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്സ് 191, രണ്ടാം ഇന്നിങ്സ് 466. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 290, രണ്ടാം ഇന്നിങ്സ് 210.
368 റണ്ണിന്റെ വിജയ ലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. തകര്‍ത്തെറിഞ്ഞ ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ചു. ഓപ്പണര്‍മാരായ ഹസീബ് ഹമീദ് (193 പന്തില്‍ 63), റോറി ബേണ്‍സ് (125 പന്തില്‍ 50) എന്നിവരുടെ പോരാട്ടം ആശങ്കയായിരുന്നു. പിന്നാലെ വന്ന നായകന് ജോ റൂട്ട് (36) ഉള്‍പ്പെടെയുള്ളവര്‍ നിലയുറപ്പിക്കാതെ മടങ്ങിയതോടെ ജയം ഇന്ത്യക്കൊപ്പമായി.
വിക്കറ്റ് പോകാതെ 77 റണ്ണെന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാന ദിവസം കളി തുടങ്ങിയത്. ഓപ്പണിങ് കൂട്ടുകെട്ട് 245 പന്തില്‍ 100 റണ്ണെടുത്ത് വെല്ലുവിളിയായി. ബേണ്‍സ് 124 പന്തിലും ഹസീബ് 123 പന്തിലും അര്‍ധ സെഞ്ചുറി കടന്നു. സ്കോര്‍ 100 നില്‍ക്കേ ശാര്‍ദൂല്‍ ഠാക്കൂര്‍ ആദ്യ പ്രഹരം നല്കി. ഠാക്കൂറിന്റെ അകത്തേക്കു വന്ന പന്തില്‍ ബാറ്റ് വച്ച് ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പിടികൂടി. കൂട്ടുകെട്ട് തകര്‍ന്നത് ആശ്വാസത്തോടെയാണ് ഇന്ത്യന്‍ ആരാധകര്‍ സ്വീകരിച്ചത്. ഡേവിഡ് മാലാന്‍ (അഞ്ച്) ഹസീബുമായുണ്ടായ ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. അധികം വൈകാതെ ഹസീബും മടങ്ങി. രവീന്ദ്ര ജഡേജയുടെ ലെഗ് സൈഡില്‍ പിച്ച് ചെയ്ത പന്തിനെ വിട്ടുകളഞ്ഞ താരത്തിനു പിഴച്ചു. പന്ത് സ്റ്റമ്ബ് പിഴുതശേഷമാണു ഹസീബ് വിവരമറിഞ്ഞത്. ഒലി പോപ്പിനെയും (രണ്ട്) ജോണി ബെയര്‍സ്റ്റോയെയും (0) അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിന്റെ മടങ്ങി വരവ് അസാധ്യമാക്കി. രണ്ടു പേരെയും ബുംറ സമാനമായി ബൗള്‍ഡാക്കി.
ജഡേജ മൊയീന്‍ അലിയെ (0) സൂര്യകുമാര്‍ യാദവിന്റെ കൈയിലെത്തിച്ചതോടെ ഇംഗ്ലണ്ട് നായകന് ജോ റൂട്ട് ജയപ്രതീക്ഷ വിട്ട് സമനില പിടിക്കാനുള്ള ശ്രമത്തിലായി. 78 പന്തുകള്‍ നേരിട്ട റൂട്ടിന്റെ വിക്കറ്റ് തെറുപ്പിച്ച് ഠാക്കൂര്‍ ആ പ്രതീക്ഷയും ഇല്ലാതാക്കി. സ്കോര്‍ 182 ല്‍ നില്‍ക്കേയാണു റൂട്ട് വീണത്. ഓള്‍റൗണ്ടര്‍ ക്രിസ് വോക്സിനെ (47 പന്തില്‍ 18) രണ്ടാം സെഷന്റെ അവസാന പന്തില്‍ ഉമേഷ് യാദവ് പുറത്താക്കി. വോക്സ് മടങ്ങുമ്ബോള്‍ ഇംഗ്ലണ്ട് എട്ടിന് 193 റണ്ണെന്ന നിലയിലായിരുന്നു. ക്രെയ്ഗ് ഓവര്ടണ് (10), ജെയിംസ് ആന്ഡേഴ്സണ് (രണ്ട്) എന്നിവരെ പുറത്താക്കി ഉമേഷ് യാദവ് തന്നെയാണു ജയമൊരുക്കിയത്. ഒലി റോബിന്‍സണ്‍ (10) പുറത്താകാതെനിന്നു. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവ് 60 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. രണ്ടാം ഇന്നിങ്സില്‍ തകര്‍പ്പന്‍ സെഞ്ചുറിയടിച്ച (127) രോഹിത് ശര്‍മയാണു മത്സരത്തിലെ താരം.