ഇന്ത്യയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. തുടർന്ന് മുൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ ട്വിറ്ററിന്റെ ഔദ്യോഗിക ഹാൻഡിലിൽ പ്രത്യക്ഷ്യപെട്ടു. ട്വിറ്റർ ഹാൻഡിലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഇന്ത്യയിലെ അഫ്ഗാൻ എംബസി അധികൃതർ വ്യക്തമാക്കി.
ഇന്നലെ രാവിലെയോടെ താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് അഫ്ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നിരുന്നു.
ഇതിനിടെ രാജ്യം വിട്ടതിൽ വിശദീകരണവുമായി അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രംഗത്തെത്തിയിരുന്നു . അഫ്ഗാനിസ്താൻ വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഷ്റഫ് ഗനി വ്യക്തമാക്കി.