അഹ്മദാബാദ്: സ്പിന്നര്‍മാരെ ഇറക്കിയുള്ള ഇന്ത്യയുടെ ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്. അഞ്ചുവിക്കറ്റെടുത്ത ജോ റൂട്ടിന്റെയും നാലുവിക്കറ്റെടുത്ത ജാക്ലീഷിന്റെയും കറങ്ങുന്ന പന്തുകള്‍ക്ക് മുമ്ബില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് വട്ടംകറങ്ങി. ഇന്ത്യയുടെ മധ്യനിരയെയും വാലറ്റത്തെയും ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ട് ഇന്ത്യയെ 145 റണ്‍സിലൊതുക്കി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 112 റണ്‍സിനെതിരെ വന്‍ ലീഡ് തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നേടാനായത് 33 റണ്‍സിന്റെ ലീഡ്മാത്രം മാത്രം.
മൂന്നുവികറ്റ് നഷ്ടമാക്കി രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് ഏഴ് റണ്‍സെടുത്ത അജിന്‍ക്യ രഹാനെയെയാണ്. തൊട്ടുപിന്നാലെ തലേദിവസം അനായാസകരമായി ബാറ്റുവീശിയ രോഹിത് ശര്‍മയും തിരിഞ്ഞു നടന്നു. ഇരുവരെയും ജാക്ക് ലീഷ് വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു.
പിച്ച് സ്പിന്നര്‍മാരെ തുണക്കുന്നതാണെന്ന്മനസ്സിലാക്കി പന്ത് കൈയ്യിലെടുത്ത ഇംഗ്ലീഷ് നായകന് ജോറൂട്ടിന്റെ കണക്ക്കൂട്ടല്‍ അക്ഷരാര്‍ഥത്തില്‍ ശരിയായി. ഋഷഭ് പന്ത് (1), വാഷിങ്ടണ്‍ സുന്ദര്‍ (0), അക്സര്‍ പേട്ടല്‍ (0), ജസ്പ്രീത് ബുംറ (1) എന്നിവര്‍ റൂട്ടിന് മുമ്ബില്‍ നിരായുധരായി മടങ്ങി. ഒരറ്റത്ത് പിടിച്ചുനിന്ന 17 റണ്‍സെടുത്ത ആര്. അശ്വിനെയും റൂട്ട് കറക്കി വീഴ്ത്തി.
രണ്ടാമിന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങുന്ന ഇംഗ്ലണ്ടിനെ ചെറിയ സ്കോറില്‍ ഒതുക്കി ടെസ്റ്റ് വിജയത്തിലേക്ക് നയിക്കാനാകും ഇന്ത്യന്‍ ശ്രമം.