ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ ഐപിഎലിൽ മികവുകാട്ടിയ താരങ്ങൾക്ക് പരമ്പരയിൽ അവസരം നൽകുമെന്നും ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
ജൂൺ 9 മുതൽ 19 വരെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യ യുകെയിലേക്ക് പറക്കും. യുകെയിൽ അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ ഇന്ത്യക്ക് മത്സരങ്ങളുണ്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. അയർലൻഡിനെതിരായ ടി-20 മത്സരത്തിലും ഇന്ത്യ യുവതാരങ്ങളെ അണിനിരത്തും.
ആദ്യ ടി-20 ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് നടക്കുക. യഥാക്രമം കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവിടങ്ങളിൽ ജൂൺ 9, 12, 14, 17, 19 തീയതികളിലാണ് മത്സരങ്ങൾ.