മസ്കത്ത്: അന്താരാഷ്ട്ര വിപണിയിലെ നിരവധി കാരണങ്ങളാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ റിയാലിന്റെ വിനിമയനിരക്ക് 213.25 എന്ന സര്‍വകാല റെക്കോഡില്‍ എത്തി.
1000 രൂപക്ക് 4.689 റിയാലാണ് ഉപഭോക്താവ് ഇപ്പോള്‍ നല്‍കേണ്ടത്. അടുത്ത രണ്ട് ദിവസങ്ങളില്‍ ഇതേ നിരക്ക് ലഭിക്കും. ഇതോടെ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇടിയുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യം പുതിയ ഉയരങ്ങളിലെത്തി. അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെടുന്നതും എണ്ണവില ഉയരുന്നതും അടക്കമുള്ള അന്താരാഷ്ട്ര വിഷയങ്ങളാണ് രൂപയുടെ നില പരുങ്ങലിലാവാന് പ്രധാന കാരണം. വിനിമയ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. രൂപ വീണ്ടും തിരിച്ചുവരാന്‍ സമയമെടുക്കുമെന്നും പറയുന്നു.
വെള്ളിയാഴ്ച ഒരു ഡോളറിന്റെ വില 82.33 രൂപ ആയിരുന്നു. അമേരിക്കന്‍ ഡോളര്‍ വീണ്ടും ശക്തിപ്രാപിച്ചതാണ് രൂപയുടെ വില ഇടിയാന്‍ പ്രധാന കാരണം. ഇന്ത്യന്‍ രൂപയോടൊപ്പം നിരവധി രാജ്യങ്ങളുടെ നാണയങ്ങളുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. മറ്റു നാണയങ്ങളെ അപേക്ഷിച്ച് ഡോളര്‍ ഇന്റെക്സ് ഉയരുകയും ചെയ്തിട്ടുണ്ട്. എണ്ണവില ഉയരാന്‍ തുടങ്ങിയതും രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റഷ്യ-യുെക്രയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന എണ്ണ വില കഴിഞ്ഞ ചില ആഴ്ചയായി 80 ഡോളറില്‍ എത്തുകയായിരുന്നു. ഇതോടെ എണ്ണ ഉല്പാദനം കുറക്കുവാന്‍ കഴിഞ്ഞ ആഴ്ച ഒപെക് രാജ്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ദിവസവും രണ്ട് ദശലക്ഷം ബാരല്‍ എണ്ണ ഉല്പാദനം കുറക്കാനാണ് ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചത്. ഇതോടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില ബാരലിന് നൂറിനോടടുക്കുകയാണ്. ഒമാന്‍ എണ്ണവില വെള്ളിയാഴ്ച ബാരലിന് 93.35 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 28 ന് 83.71 ഡോളറായിരുന്നു ഒമാന്‍ എണ്ണ വില. നിലവിലെ സാഹചര്യത്തില്‍ എണ്ണ വില ഇനിയും ഉയരാനാണ് സാധ്യത.
കഴിഞ്ഞ വര്‍ഷം ഇതേദിവസം 194 രൂപയായിരുന്നു റിയാലിന്റെ വിനിമയ നിരക്ക്. 2022 ജനുവരി 13ന് വിനിമയ നിരക്ക് താഴ്ന്ന് 191 രൂപയിലും എത്തിയിരുന്നു. പിന്നീട് വിനിമയ നിരക്ക് പതിയെ ഉയരുകയായിരുന്നു. മേയ് ഒമ്ബതിനാണ് വിനിമയ നിരക്ക് 200 രൂപ കടന്നത്. പിന്നീട് ഇതുവരെ ഒരു റിയാലിന് 200 രൂപ എന്ന നിരക്കിന് താഴെ പോയിട്ടില്ല. കഴിഞ്ഞമാസം 23ന് റിയാലിന് 210 രൂപ എന്ന നിരക്കിലേക്ക് വിനിമയ നിരക്ക് ഉയരുകയായിരുന്നു. വിനിമയ നിരക്ക് ഉയര്‍ന്നതോടെ പലരും വന്‍ തോതിലാണ് നാട്ടിലേക്ക് പണം അയക്കുന്നതെന്ന് വിനിമയ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.