സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യകുമാര്‍ അശോക് യാദവ് ഐസിസി ട്വന്റി-20 ബാറ്റര്‍മാരുടെ ലോക ഒന്നാം നന്പറില്‍ അവരോധിക്കപ്പെട്ടു.
പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് റിസ്വാനെ മറികടന്നാണ് ക്രിക്കറ്റ് ലോകത്തില്‍ ഇന്ത്യയുടെ നീലാകാശം തെളിഞ്ഞത്. സൂര്യകുമാര്‍ യാദവ് എന്നതിന്റെ ചുരുക്കെഴുത്താണ് സ്കൈ (sky).
ചരിത്രനേട്ടം
ട്വന്റി-20 ലോകറാങ്കിംഗിന്റെ തലപ്പത്തെത്തുന്ന രണ്ടാമത് ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍ യാദവ്. വിരാട് കോഹ്ലിയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ ഇന്ത്യന്‍ ബാറ്റര്‍. ലോക ഒന്നാം നന്പറില്‍ എത്തുന്ന 23-ാമത് താരവുമാണ് 32കാരനായ സൂര്യകുമാര്‍.
863 റേറ്റിംഗ് പോയിന്റുമായാണ് സൂര്യശോഭയില് സ്കൈ ഒന്നാം സ്ഥാനത്തുള്ളത്. മുഹമ്മദ് റിസ്വാന്റെ റേറ്റിംഗ് പോയിന്റ് 842 ആണ്. 2014ല്‍ വിരാട് കോഹ്ലി 897 റേറ്റിംഗില്‍ എത്തിയതാണ് ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റ്. 2014 സെപ്റ്റംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെയായി 1,013 ദിനങ്ങള്‍ കോഹ്ലി ലോക ഒന്നാം റാങ്കില്‍ തുടര്‍ന്നിരുന്നു.
സൂര്യശോഭയില്
2021 മാര്‍ച്ച് 14ന് അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണ് സൂര്യകുമാര്‍ യാദവ് രാജ്യാന്തര ട്വന്റി-20 അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് അതിവേഗം ഇന്ത്യന്‍ ടീമിന്റെ നിര്‍ണായകസ്ഥാനത്തേക്ക് ഉയര്‍ന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍ സ്ഥാനത്തേക്കും എത്തി. ട്വന്റി-20യില്‍ ഇന്ത്യക്കായി 38 മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ താരം കളിച്ചത്. ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും സ്വന്തമാക്കി.
2022 കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വന്റി-20 റണ്‍സ് സൂര്യകുമാറിന്റെ പേരിലാണ്. 27 ഇന്നിംഗ്സില്‍നിന്ന് 965 റണ്‍സ് സൂര്യകുമാര്‍ 2022ല്‍ ഇതുവരെ നേടി. മുഹമ്മദ് റിസ്വാന് (888), വിരാട് കോഹ്ലി (705) എന്നിവരാണ് 2022ലെ റണ്‍വേട്ടയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
11 വര്‍ഷത്തെ കാത്തിരിപ്പ്
മുംബൈക്കുവേണ്ടി 2010ലായിരുന്നു സൂര്യയുടെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. 11 വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യന്‍ ജഴ്സിയണിയുന്നത്; അതും 31-ാം വയസില്‍. 2021 മാര്‍ച്ച് 14ല്‍ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റമത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല.
അന്നുതന്നെ അരങ്ങേറ്റം നടത്തിയ ഇഷാന് കിഷന് അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍, രണ്ടാം മത്സരത്തില്‍ നേരിട്ട ആദ്യപന്ത് സിക്സര്‍… 31 പന്തില്‍ 57 റണ്‍സ് അടിച്ചുകൂട്ടുകയും ചെയ്തു. ഇന്ത്യന്‍ ടീമിലേക്ക് എത്താനായി സ്വയം മാറുകയായിരുന്നു സൂര്യകുമാര്‍. ട്രെയിനിംഗിലും ഭക്ഷണക്രമത്തിലും ബാറ്റിംഗിലും മാറ്റം കൊണ്ടുവന്ന് സ്വയം അപ്ഗ്രേഡ് ചെയ്തു. അതിനായി ഉപദേശിച്ചത് ഭാര്യ ദേവിഷയും.