ബംഗളൂരു: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ മൂന്ന് മലയാളികളെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സ്വദേശികളായ ഗോകുല്‍, കിരണ്‍, ബെംഗളൂരുവില്‍ താമസമാക്കിയ മലയാളി സജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവര്‍ ഉള്‍പ്പെടെ 27 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം അവസാനിച്ച ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നതെന്നും ഇതിനായി പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷനുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ നടന്ന ഐ.പി.എല്‍ ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. ബെംഗളൂരുവിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈനായാണ് വാതുവെപ്പ് നടന്നതെന്ന് പോലീസ് അറിയിച്ചു.
നിരവധി മലയാളികള്‍ക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈന്‍ വാതുവെപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.